ശബരിമല സന്നിധാനത്ത് അപ്പം, അരവണ നിര്‍മ്മാണത്തിനുള്ള ശര്‍ക്കരക്ക് ക്ഷാമം ഏര്‍പ്പെട്ടു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിന്ന് ശര്‍ക്കര ലോറികള്‍ എത്താന്‍ വൈകിയതാണ് ക്ഷാമത്തിനിടയാക്കിയത്. പ്രതിസന്ധി പരിഹരിക്കാന്‍ നടപടി തുടങ്ങിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. അതേസമയം ട്രാക്ടറുകള്‍ക്ക് പകല്‍ സമയം 12 മുതല്‍ 3 വരെ മാത്രമേ ലോഡുമായി പോകാന്‍ അനുമതി ഉള്ളൂ എന്നതും ശര്‍ക്കര നീക്കത്തെ ബാധിക്കുന്നുണ്ട്.
40 ലക്ഷം കിലോ ശര്‍ക്കരയാണ് സന്നിധാനത്ത് ഒരു വര്‍ഷത്തെ അപ്പം അരവണ നിര്‍മ്മാണത്തിനായി ആവശ്യമുള്ളത്. നിലവില്‍ പത്ത് ലക്ഷത്തിലധികം കിലോയുടെ കുറവുണ്ട്. വിതരണ കരാര്‍ ഏറ്റെടുത്ത ആള് നിശ്ചയിച്ച സമയത്ത് ശര്‍ക്കര എത്തിക്കാത്തതാണ് പ്രതിസന്ധിക്കിടയാക്കിയത്. പ്രളയത്തെ തുടര്‍ന്ന് ശര്‍ക്കര വിപണിയില്‍ എത്തുന്നില്ലെന്നാണ് കരാറുകാരന്റെ വാദം. എന്നാല്‍, സ്റ്റോക്കുള്ള മറ്റൊരു കമ്പനിക്ക് ഓഡര്‍ നല്‍കിയെന്നും പ്രതിസന്ധി ഉണ്ടാകാതെ കാര്യങ്ങള്‍ പരിഹരിക്കുമെന്നും ദേവസ്വം എക്സിക്യൂട്ടിവ് ഒഫീസര്‍ വി എസ് രാജേന്ദ്ര പ്രസാദ് അറിയിച്ചു.