ജന്മദിനാഘോഷങ്ങളില്‍ ഹിന്ദുക്കള്‍ കേക്ക് മുറിക്കുകയോ മെഴുകുതിരി കത്തിക്കുകയോ ചെയ്യരുതെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. സനാതന ധര്‍മ്മം പാലിക്കാന്‍ ഇത്തരം ചടങ്ങുകള്‍ ഹിന്ദുക്കള്‍ ചെയ്യാന്‍ പാടില്ലെന്നും രാമായണം, ഗീത, ഹനുമാന്‍ ചാലിസ എന്നിവ കുട്ടികളെ ചെറിയ പ്രായത്തില്‍ തന്നെ പഠിപ്പിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
സനാതന ധര്‍മ്മത്തിന്റെ മൂല്യങ്ങള്‍ പാലിക്കുമെന്നും കുട്ടികള്‍ക്ക് രാമായണം, ഗീത തുടങ്ങിയവ പഠിപ്പിച്ചു കൊടുക്കുമെന്നും കാളി ദേവിയുടെ നാമത്തില്‍ പ്രതിജ്ഞയെടുക്കണം. എല്ലാവരും സനാതന ധര്‍മ്മ സംരക്ഷണത്തിനായി മുന്നോട്ട് വരണം. ജന്മദിനത്തില്‍ കേക്ക് മുറിക്കുന്നതിനും, മെഴുകുതിരി കത്തിക്കുന്നതിനും പകരം ശിവ, കാളി ക്ഷേത്രങ്ങളില്‍ പോയി ദര്‍ശനം നടത്തണം. മെഴുകുതിരിക്ക് പകരം മണ്‍ചെരാതുകള്‍ തെളിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കൂടാതെ മിഷണറി സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ ക്രിസ്തീയ ശൈലികളാണ് പഠിക്കുന്നതെന്നും ഇത് അവരെ സനാതന ധര്‍മ്മത്തില്‍ നിന്ന് മാറി നടക്കാന്‍ പ്രേരിപ്പിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റ് മതങ്ങളിലുള്ളവര്‍ അവരുടെ കുട്ടികളെ വിശ്വാസ പരിശീലനം നടത്തിയാണ് വളര്‍ത്തിയെടുക്കുന്നത്. അവര്‍ ഞായറാഴ്ചകളില്‍ പള്ളികളില്‍ പോകുന്നു, വെള്ളിയാഴ്ചകളില്‍ പ്രാര്‍ത്ഥിക്കുന്നു. ഈ പരിശീലനം അവരുടെ കുട്ടികള്‍ക്കും ലഭിക്കുന്നു. മിഷണറി സ്‌കൂളുകളില്‍ ക്രിസ്തുവിന്റെ രൂപമാണുള്ളത്. ഇത്തരം സ്‌കൂളില്‍ നിന്ന് തിരികെയെത്തുന്ന കുട്ടികള്‍ അവര്‍ക്ക് തിലകം, കുടുമ എന്നിവ വേണ്ടെന്ന് മാതാപിതാക്കളോട് പറയും. മറ്റൊരു ശൈലിയിലാണ് അവര്‍ക്ക് പഠിക്കേണ്ടി വരുന്നതെന്നും ഗിരിരാജ് സിങ് പറഞ്ഞു.