യു സര്‍ട്ടിഫിക്കറ്റുമായി ജാക്ക് ഡാനിയേല്‍ നവംബര്‍ 14ന് തിയേറ്ററുകളിലേക്ക്

ദിലീപ് നായകനാകുന്ന സസ്പെന്‍സ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ജാക്ക് ഡാനിയേലിന് യു സര്‍ട്ടിഫിക്കറ്റ്. എസ്.എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആക്ഷന്‍ കിങ് അര്‍ജുന്‍ സര്‍ജയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. 2007ല്‍ പുറത്തിറങ്ങിയ സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിന് ശേഷം ദിലീപും എസ്.എല്‍ പുരം ജയസൂര്യയും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.

ജാക്ക് ഡാനിയേലില്‍ ജാക്ക് എന്ന മോഷ്ടാവായി ദിലീപ് വേഷമിടുമ്പോള്‍ സിബിഐ ഓഫീസറുടെ വേഷത്തിലാണ് അര്‍ജുന്‍ എത്തുക. ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നടി അഞ്ജു കുര്യനാണ് നായിക. അജു വര്‍ഗീസ്, ദേവന്‍, സൈജു കുറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തില്‍ പീറ്റര്‍ ഹെയ്ന്‍, കനല്‍ കണ്ണന്‍, സുപ്രീം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്റ്റണ്ട് കൊറിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നത്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നവംബര്‍ 14ന് ചിത്രം തിയേറ്ററുകളിലെത്തും.