തിരുവനന്തപുരം: പാലക്കാട് മാവോയിസ്റ്റുകളെ പോലീസ് വെടിവച്ചു കൊന്ന സംഭവത്തില്‍ പൊലീസിനെ പിന്തുണയ്ക്കാന്‍ സിപിഐക്ക് ബാധ്യതയില്ലെന്ന് തുറന്നടിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാവോയിസ്റ്റുകളെ അനുകൂലിക്കുന്ന പാര്‍ട്ടിയല്ല സിപിഐയെന്നും ഉന്മൂലനസിദ്ധാന്തമാണ് മാവോയിസ്റ്റുകള്‍ നടപ്പാക്കുന്നത്, അതുതന്നെ പൊലീസും പിന്തുടരുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നതു വ്യാജ ഏറ്റുമുട്ടലാണെന്ന വാദത്തില്‍ സിപിഐ നേതാക്കള്‍ ഉറച്ചുനില്‍ക്കുകയാണ്. പൊലീസ് നടപടിയെ മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി ടോം ജോസും പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ഇതോടെ വിഷയം സിപിഎമ്മും സിപിഐയും തമ്മിലുള്ള പരസ്യമായ പോരിലേക്കാണ് വഴിവച്ചിരിക്കുന്നത്.