ജീവിതശൈലി രോഗങ്ങളെ പോലെ തന്നെ ഭീഷണിയുയര്‍ത്തുന്ന രോഗമാണ് അള്‍ഷിമേഴ്‌സ്. ഇപ്പോഴിതാ അല്‍ഷിമേഴ്സിനെ ചികിത്സിക്കാന്‍ മരുന്നുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈന. മരണത്തിന് വരെ കാരണമാവുന്ന അല്‍ഷിമേഴ്സിനെ പ്രതിരോധിക്കാന്‍ gv-971 എന്ന മരുന്നാണ് ചൈന രംഗത്തിറക്കുന്നത്. 20 വര്‍ഷത്തെ ശ്രമഫലമായി കണ്ടെത്തിയിരിക്കുന്ന മരുന്നിന് ചൈന നാഷണല്‍ മെഡിക്കല്‍ പ്രോഡക്ട് അഡ്മിനിസ്ട്രേഷന്‍ അനുമതി നല്‍കി. കൂടുതല്‍ ക്ലിനിക്കല്‍ ട്രയലുകള്‍ക്ക് ശേഷം മരുന്ന് വിപണിയിലെത്തും.
ചൈനീസ് അക്കാദമി ഓഫ് സയന്‍സിന് കീഴിലുള്ള ഷാങ്ഹായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മറ്റീരിയ മെഡിക്കയിലെ ഗെങ് മെയുവും സംഘവുമാണ് മരുന്നിന് പിന്നിലെ ഗവേഷക സംഘം. ഒരിനം കടല്‍പ്പായലുകളെ അടിസ്ഥാനമാക്കി വികസിപ്പിച്ച ഒലിഗോമനേറ്റ്(GV-971) എന്ന് പേരുള്ള മരുന്നിന് മൈല്‍ഡ് അള്‍ഷിമേഴ്‌സ്, മോഡറേറ്റ് അള്‍ഷിമേഴ്സ് എന്നിവയെ ഫലപ്രദമായി ചികിത്സിച്ചുമാറ്റാന്‍ സാധിക്കുമെന്ന് ചൈന ഡ്രഗ് സേഫ്റ്റി ഏജന്‍സി വൃത്തങ്ങള്‍ വിശദീകരിച്ചു.