എയര്‍ ഇന്ത്യ രാജ്യത്തിന്റെ സ്വര്‍ണപ്പക്ഷികളാണ്, വില്‍ക്കരുതെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയം കോര്‍പറേഷനും വിറ്റഴിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഈ സ്ഥാപനങ്ങള്‍ രാജ്യത്തിന്റെ അഭിമാനങ്ങളായിരുന്നെന്നും സ്വര്‍ണപ്പക്ഷികളെയാണു വിറ്റഴിക്കുന്നതെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

ബിജെപി രാജ്യം പണിതുയര്‍ത്തുമെന്നാണ് ഉറപ്പുനല്‍കിയത്. എന്നാല്‍ ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങളെ നശിപ്പിച്ചു വിറ്റഴിക്കാനാണ് ഇപ്പോള്‍ അവര്‍ ശ്രമിക്കുന്നത്. അതു വിഷമകരമാണ്. നമ്മുടെ സ്ഥാപനങ്ങള്‍ നമ്മുടെ അഭിമാനമാണ്. അവ നമ്മുടെ സ്വര്‍ണപ്പക്ഷികളാണെന്നാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്.

ധനമന്ത്രി നിര്‍മല സീതാരാമനാണ് എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയം കോര്‍പറേഷനും വിറ്റഴിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം വെളിപ്പെടുത്തിയത്. അടുത്ത വര്‍ഷം മാര്‍ച്ചോടെ ഈ സ്ഥാനങ്ങള്‍ വില്‍ക്കാനാണു മോദി സര്‍ക്കാരിന്റെ പദ്ധതി.