ഷൂട്ടിംഗിനിടെ നടന്‍ ബിജു മേനോന് പൊള്ളലേറ്റു

നടന്‍ ബിജു മേനോന് അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പൊള്ളലേറ്റു. ചിത്രത്തില്‍ വാഹനം കത്തിക്കുന്ന രംഗം ഷൂട്ട് ചെയ്യുന്നതിനിടെ ആയിരുന്നു ബിജു മേനോന്റെ കൈക്കും കാലിനും പൊള്ളലേറ്റത്. പരുക്കേറ്റ ഉടന്‍ തന്നെ താരത്തിന് വൈദ്യസഹായം നല്‍കി. ഇതിന് ശേഷം ഷൂട്ടിംഗ് പുനഃരാരംഭിക്കുകയും ചെയ്തു.

അനാര്‍ക്കലിക്ക് ശേഷം ബിജു മേനോനും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. അനാര്‍ക്കലിയുടെ സംവിധായകന്‍ സച്ചി തന്നെയാണ് ഈ ചിത്രവും ഒരുക്കുന്നത്. ബിജു മേനോന്‍ അയ്യപ്പന്‍ നായര്‍ എന്ന എസ് ഐ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പതിനാറ് വര്‍ഷത്തെ പട്ടാള ജീവിതത്തിന് ശേഷം നാട്ടിലെത്തുന്ന കോശി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് സിനിമയില്‍ എത്തുന്നത്.