തോളിന്റെ കുഴ തെന്നലിന് പരിഹാരം: ദക്ഷിണേന്ത്യയില്‍ ആദ്യമായി നടത്തിയ ആര്‍ത്രോലാറ്റര്‍ജെറ്റ് ശസ്ത്രക്രിയ വിജയകരം

കൊച്ചി: ദക്ഷിണേന്ത്യയില്‍ ആദ്യമായി തോള്‍ സന്ധിക്കുണ്ടാകുന്ന സ്ഥാനമാറ്റത്തിന് നടത്തിയ ആര്‍ത്രോലാറ്റര്‍ജെറ്റ് ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതര്‍. കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് മെഡി. കോളജിലാണ് നൂതന സംവിധാനം ഉപയോഗിച്ച് ശസ്ത്രക്രിയ നടന്നത്. പ്രമുഖ ജോയിന്റ് സര്‍ജനും ഓര്‍ത്തോപീഡിക് കണ്‍സള്‍ട്ടന്റുമായ ഡോ.സുജിത് ജോസിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

വയലിനിസ്റ്റ് വിനോദായിരുന്നു ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി. സ്ഥിരമായി തോളിന്റെ കുഴ തെന്നുന്നതിനാല്‍ വിനോദിന് വയലിന്‍ വായിക്കുക പ്രയാസമായിരുന്നു. ഇങ്ങനെയിരിക്കെയാണ് മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. മുന്‍പും നിരവധി തവണ ചികിത്സയ്ക്ക് വിധേയനായിട്ടുണ്ടെങ്കിലും വിനോദിന് നിരന്തരമായി തോളിന്റെ കുഴ തെന്നുന്നതിന് പരിഹാരം കണ്ടെത്താനായിരുന്നില്ല. ഇതേ തുടര്‍ന്നാണ് എംഒഎസ്‌സിയില്‍ ചികിത്സ തേടിയെത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

ഫ്രഞ്ച് നിര്‍മ്മിതമായ വൈദ്യശാസ്ത്ര ഉപകരണം രാജ്യത്ത് ആദ്യമായി പ്രയോജനപ്പെടുത്തിയത് മുംബൈയിലായിരുന്നു. ദക്ഷിണേന്ത്യയില്‍ നിലവില്‍ എംഒഎസ്‌സി മെഡിക്കല്‍ കോളജില്‍ മാത്രമാണ് ആര്‍ത്രോലാറ്റര്‍ജെറ്റ് സംവിധാനം ഉയോഗിക്കുന്നത്. ആര്‍ത്രോ സ്‌കോപ്പിക് ശസ്ത്രക്രിയയില്‍ കേരളത്തിലെ പ്രമുഖനായ ജോയിന്റ് സര്‍ജനാണ് ഡോ. സുജിത് ജോസ്.

സാധാരണഗതിയില്‍ തോളിന്റെ സന്ധിക്ക് സംഭവിക്കുന്ന സ്ഥാന ചലനത്തിന് കിഹോള്‍ സര്‍ജറിയാണ് നടത്താറുള്ളത്. ഇതിലൂടെ തോളിന്റെ കുഴ സാധരണഗതിയിലാക്കാനും സാധിക്കും. എന്നാല്‍ നിരവധി തവണ കുഴ തെന്നുന്ന അവസ്ഥയുണ്ടായാല്‍, അസ്ഥികള്‍ തമ്മിലുണ്ടാകുന്ന നിരന്തരമായ ഉരസല്‍ മൂലം അവയ്ക്ക് ക്ഷയം സംഭവിക്കും. ഇതിലൂടെ ഉറക്കത്തില്‍ പോലും തോളിന്റെ കുഴ തെന്നുന്ന സ്ഥിതിയുണ്ടാകും. നിരന്തരമായി കുഴതെന്നുന്നതിലൂടെ അസ്ഥിക്ക് 20 ശതമാനത്തിലധികം തേയ്മാനം സംഭവിച്ചാല്‍ സാധാരണ കീഹോള്‍ സര്‍ജറിയായ ആര്‍ത്രോസ്‌കോപിക് ബാന്‍കാര്‍ട്ട് സര്‍ജറി അപര്യാപ്തമായി വരും. ഈ ഘട്ടത്തില്‍ ഏറെ പ്രയോജനകരമാണ് അസ്ഥി കൈമാറ്റ പ്രക്രിയയായ ലാറ്റര്‍ജെറ്റ്. ഓപ്പണ്‍ സര്‍ജറിയായതിനാല്‍ കൂടുതല്‍ സമയം രോഗി ആശുപത്രിയില്‍ കഴിയേണ്ടതായി വരുമെന്ന് അധികൃതര്‍ പറയുന്നു.

കീ ഹോള്‍ സര്‍ജറിയെ അപേക്ഷിച്ച് നൂതന ശസ്ത്രക്രിയയ്ക്ക് നിരവധി നേട്ടങ്ങളുണ്ട്. ശസ്ത്രക്രിയയ്ക്ക് സന്ധിയിലെ പേശികള്‍ മാറ്റേണ്ടതില്ല. കൂടാതെ, വേദന കുറവും തോളിലെ പാടുകള്‍ പൂര്‍ണമായും ഒഴിവാക്കാനും വേഗത്തില്‍ സുഖം പ്രാപിക്കാനും കഴിയുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. ശസ്ത്രക്രിയയിലൂടെ തോളിന്റെ സ്വാഭാവിക പ്രവര്‍ത്തനത്തിന് യാതൊരു മാറ്റവും സംഭവിക്കുകയില്ല എന്നതിനാല്‍ രോഗിക്ക് പിന്നീട് നിര്‍ഭയം കായികമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനാകുമെന്നും അധികൃതര്‍ പറയുന്നു.

സ്‌പോര്‍ട്ട് ഇന്‍ജുറീസ്, ഓര്‍ത്തോപീഡിക് ഇമേജിംഗ് പുനരധിവാസം തുടങ്ങിയവയ്ക്കുള്ള കേരളത്തിലെ പ്രമുഖ കേന്ദ്രമാണ് എംഒഎസ്‌സി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ത്തോപീഡിക്‌സ്. സന്ധി സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിന് അത്യാധുനിക ആര്‍ത്രോസ്‌കോപ്പി ഉപകരണങ്ങള്‍ സജ്ജമാക്കിയ ഓപ്പറേഷന്‍ തിയറ്ററാണ് ഇവിടെ തയാറാക്കിയിരിക്കുന്നത്.

ഡോ. സുജിത് ജോസ്, എംഒഎസ്‌സി മെഡിക്കല്‍ കോളേജ് സിഇഒ ജോയ് ജേക്കബ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. സോജന്‍ ഐപ്പ്, അഡ്മിനിസ്‌ട്രേറ്റിവ് ഡയറക്ടര്‍ തോമസ് പി.വി, രോഗി വിനോദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.