ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ പിക്‌സല്‍ 4 ഫോണ്‍ ഉടന്‍ വിപണിയിലെത്തുമെന്ന സൂചനകള്‍ക്കിടെ ഞെട്ടാനൊരുങ്ങുകയാണ് ടെക്‌ലോകം. കാരണം ലോകത്ത് ഒരു ഫോണിനുമില്ലാത്ത പുത്തന്‍ സാങ്കേതിക വിദ്യയുമായാണ് പിക്‌സല്‍ 4 എത്തുന്നത്.
അംബിയന്റ് കമ്പ്യൂട്ടിങിനെ സംയോജിപ്പിക്കുന്ന സോളി എന്ന ടെക്‌നോളജിയാണ് പിക്‌സല്‍ 4ന്റെ പ്രത്യേകത. ഇതുവഴി ഫോണിന്റെ പ്രവര്‍ത്തനങ്ങളെ ഉടമയ്ക്ക് നിയന്ത്രിക്കുന്നതിന് ഫോണില്‍ ടച്ച് ചെയ്യുകപോലുംവേണ്ട. വെറുതെ വായുവില്‍ ആഗ്യം കാണിച്ചാല്‍ മതിയാകും.
വ്യോമയാനവുമായി ബന്ധപ്പെട്ടുള്ള റഡാര്‍ സംവിധാനത്തിന്റെ കുഞ്ഞന്‍ പതിപ്പാണിതെന്ന് ഗൂഗിള്‍ വ്യക്തമാക്കുന്നു. ഇതുകൂടാതെ ഫെയ്‌സ് ഡിറ്റക്ഷന്‍, ഫെയ്‌സ് അണ്‍ലോക്കിങ് എന്നിവയുടെ പുതിയ സാധ്യതകളും പിക്‌സല്‍ 4 മുന്നോട്ടുവയ്ക്കുന്നുണ്ട്. ഡോട്ട് പ്രൊജക്ടര്‍, ഫെയ്‌സ് അണ്‍ലോക്ക് ഫ്‌ളഡ് ഇലുമിനേറ്റര്‍ തുടങ്ങിയ സംവിധാനങ്ങളാവും ഇവയ്ക്ക് മുന്നില്‍. ഉപഭോക്താവിന്റെ ചലനങ്ങളില്‍നിന്നും സ്‌ക്രീന്‍ അണ്‍ലോക്ക് ചെയ്യാനാണോ ഉദ്ദേശിക്കുന്നതെന്ന് ഫോണ്‍ കണ്ടെത്തി സ്വയം പ്രവര്‍ത്തിക്കും. ഫോണ്‍ തലകീഴായി പിടിച്ചാല്‍പോലും ഫെയ്‌സ് ഡിറ്റക്ഷന്‍ സേവനങ്ങളെ അത് ബാധിക്കുകകയില്ലെന്നും ഗൂഗിള്‍ അവകാശപ്പെടുന്നു.