കൊച്ചി: കൊച്ചിന്‍ കസ്റ്റംസ് കമ്മീഷ്ണറായി ചുമതലയേറ്റ മുഹമ്മദ് യൂസഫ് ഐ.ആര്‍.എസ്സുമായി കൊച്ചിന്‍ സ്റ്റീമെര്‍ ഏജന്റ്‌സ് അസോസിയേഷന്‍ (സി.എസ്.എ.എ) അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തി. സന്ദര്‍ശനവേളയില്‍ കമ്മീഷ്ണറെ എക്‌സിം ട്രേഡ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്ത സി.എസ്.എ.എ, നിലവിലെ മാര്‍ക്കറ്റിന്റെ രീതികളെയും സാഹചര്യങ്ങളെയും കുറിച്ച് അദ്ദേഹവുമായി ചര്‍ച്ച നടത്തി.
സി.എസ്.എ.എ പ്രസിഡന്റ് കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്റ് സജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മാനേജിങ് കമ്മിറ്റി അംഗങ്ങളാണ് കമ്മീഷ്ണറുമായി കൂടിക്കാഴ്ച നടത്തിയത്. ഉടന്‍ പ്രാബല്യത്തിലെത്താനിരിക്കുന്ന 2019 ലെ സീ കാര്‍ഗോ മാനിഫെസ്റ്റ് ആന്റ് ട്രാന്‍സ്ഷിപ് റെഗുലേഷനെക്കുറിച്ചും സന്ദര്‍ശനവേളയില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നു. കസ്റ്റംസ് ഡ്യൂട്ടിയില്‍ അപ്രതീക്ഷിതമായി ഉണ്ടായ ഉയര്‍ച്ച പാക്കിസ്ഥാനില്‍ നിന്നുമുള്ള ഇറക്കുമതിയെ സാരമായി ബാധിക്കുന്നതായ ആശങ്ക സി.എസ്.എ.എ പ്രതിനിധികള്‍ കമ്മീഷ്ണറുമായി പങ്കുവച്ചു. കസ്റ്റംസ് ഡ്യൂട്ടി വര്‍ധിപ്പിക്കുന്നതിന് മുമ്പ് പാക്കിസ്ഥാനില്‍നിന്നും സിമന്റ് ഇറക്കുമതി ചെയ്തവരെയാണ് കസ്റ്റംസ് ഡ്യൂട്ടിയിലെ അപ്രതീക്ഷിത വര്‍ധനവ് കൂടുതലായി ബാധിച്ചത്. 200 ല്‍ അധികം കണ്ടെയ്‌നറുകളാണ് ഈ കാരണത്താല്‍ വിവിധ സി.എഫ്.എസുകളിലും, ഐ.സി.ടി.ടിയിലുമായി കെട്ടിക്കിടക്കുന്നത്. വര്‍ധിച്ച ഡ്യൂട്ടി ഫീസ് നല്‍കാന്‍ സാധിക്കാതെ പലരും തങ്ങളുടെ കണ്ടെയ്‌നറുകള്‍ ഉപേക്ഷിക്കുന്ന പ്രവണത കൂടിവരുന്നതായും പ്രതിനിധികള്‍ കമ്മീഷ്ണറുടെ മുമ്പാകെ ചൂണ്ടിക്കാട്ടി.