ചുവന്ന തുണിയില്‍ പൊതിഞ്ഞ ബജറ്റുമായി നിര്‍മലാ സീതാരാമന്‍, ബ്രിട്ടീഷ് രീതിയിൽ ഉള്ള ബ്രീഫ് കെയ്‌സ് ഒഴിവാക്കി…

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നിര്‍മലാ സീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നു. അര നൂറ്റാണ്ടിനുശേഷമാണ് ഒരു വനിത പൊതുബജറ്റ് അവതരിപ്പിക്കുന്നത്. 1970ല്‍ ധനമന്ത്രാലയത്തിന്റെ കൂടി ചുമതലയുണ്ടായിരുന്ന അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കു ശേഷം ആദ്യമായാണ് ഒരു വനിത ബജറ്റ് അവതരിപ്പിക്കുന്നത്.വളര്‍ച്ചാമുരടിപ്പില്‍ നിന്ന് സമ്പദ്ഘടനയെ കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് നിര്‍മല ബജറ്റ് അവതരിപ്പിക്കുന്നത്. വായ്പകള്‍ക്കും ഉത്പന്നങ്ങള്‍ക്കും ഡിമാന്‍ഡ് ഉയര്‍ത്താനായുള്ള നടപടികള്‍ ബജറ്റിലുണ്ടാകും. എന്നാല്‍ മാത്രമേ സമ്പദ്ഘടനയില്‍ ഉണര്‍വുണ്ടാകുകയുള്ളൂ.

അതേസമയം, നിര്‍മല സീതാരാമന്‍ ബജറ്റ് പേപ്പറുകള്‍ പാര്‍ലമെന്റിലേക്ക് കൊണ്ടുവന്നത് ചുവന്ന തുണി കൊണ്ടുളള അശോകസ്തംഭം പതിച്ച പൊതിയില്‍. ബ്രീഫ് കെയ്‌സില്‍ ബജറ്റ് പേപ്പര്‍ കൊണ്ടുവരുന്ന പതിവ് ഒഴിവാക്കി. പാശ്ചാത്യചിന്തയുടെ അടിമത്തത്തില്‍ നിന്നുളള മാറ്റമാണിത് സൂചിപ്പിക്കുന്നതെന്ന് മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ പറഞ്ഞു.