കോടികളും വലിയ വലിയ പദവികളും വാഗ്ദാനം ചെയ്താല്‍ ആരാണ് കുറുമാറാത്തതെന്ന് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ്, എത്ര വേണമെന്ന് കെ സുരേന്ദ്രൻ…

കര്‍ണാടകയിലെ രാഷ്ട്രീയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ന്യൂസ് 18 ചാനലില്‍ നടന്ന ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘സ്ഥാനമാനങ്ങള്, പദവികള്, അതുപോലെ തന്നെ കോടികള്‍ക്കും അപ്പുറമായ കോടികളുടെ വാഗ്ദാനങ്ങള്‍, ഇതൊക്കെ കാണുമ്പോഴ് ഏത് എം.എല്‍.എമാരാണ് മാറാത്തത്. ഏത് എം.എല്‍.എമാരെയാണ് ചാക്കിട്ടുപിടിക്കാന്‍ കഴിയാത്തത്’ എന്നാണ് കൊടിക്കുന്നില്‍ പറഞ്ഞത്.

എം.എല്‍.എമാര്‍ കൂറുമാറുന്നത് കോണ്‍ഗ്രസില്‍ ഇതിനു മുമ്പും കണ്ടിട്ടുണ്ടെന്നും എന്തുകൊണ്ടാണ് പാര്‍ട്ടിക്ക് ഇത് തടയിടാന്‍ കഴിയാത്തതെന്നുമുള്ള അവതാരകന്റെ ചോദ്യത്തോട് പ്രതികരിച്ചായിരുന്നു കൊടിക്കുന്നില്‍ ഇങ്ങനെ പറഞ്ഞത്.ഇതിനോട് പ്രതികരിച്ച കെ. സുരേന്ദ്രന്‍ ‘കൊടിക്കുന്നില്‍ പറഞ്ഞത്, എങ്ങനെ കോണ്‍ഗ്രസുകാര്‍ മാറാതിരിക്കും! ഇത്രയും വലിയ പണം കൊടുത്തിട്ടാണ് ബി.ജെ.പി അവരെ മാറ്റുന്നത് എന്നല്ലേ. കൊടുക്കുന്നിലിനോട് ചോദിക്ക് എത്രവേണമെന്ന്, തയ്യാറുണ്ടോയെന്ന് ചോദിക്ക്’ എന്ന് അവതാരകനോട് ആവശ്യപ്പെട്ടു.

‘സുരേന്ദ്രന്റെ തൊലിക്കട്ടിയെക്കുറിച്ചാണ് എനിക്ക് അതിശയം തോന്നുന്നത്. ഗോവയിലെന്താണ് സംഭവിച്ചത്. അവിടെ കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവരെയാണ് പണംകൊടുത്ത് കാലുമാറ്റിയാണ് ത്രിശങ്കുവില്‍ നിന്ന ഒരു മന്ത്രിസഭയെ സംരക്ഷിച്ചത്. അതുപോലെ തന്നെ ബംഗാളില്‍ എന്താണ് സംഭവിച്ചത്. അവിടെ മമതയുടെ സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനായി പണച്ചാക്കുമായി ബി.ജെ.പി നേതാക്കള്‍ അവിടെ തമ്പടിച്ചിരിക്കുകയാണ്’ എന്നാണ് സുരേന്ദ്രന്റെ വാക്കുകളോട് പ്രതികരിച്ച് കൊടിക്കുന്നില്‍ പറഞ്ഞത്.