ചന്ദ്ര വദന ആർ , ഫൗണ്ടർ & സി ഇ ഓ, പ്രയാണ ലാബ്സ്
ലേഖിക ഒരു വനിത സംരംഭകയും സ്ത്രീ ശാക്തീകരണ വക്താവും
2018 ലെ UNCTAD Women in Business Award നേടിയ ആദ്യ ഇന്ത്യന്‍ വനിതയുമാണ്.
പുരുഷനുമേല്‍ സ്ത്രീ ആധിപത്യം സ്ഥാപിക്കുന്ന പ്രക്രിയയാണ് ‘ഫെമിനിസം’ എന്ന തെറ്റായ ധാരണയുമായി ജീവിക്കുന്നവരാണ് മലയാളികള്‍. അതുകൊണ്ടുതന്നെ ‘ഞാനൊരു ഫെമിനിസ്റ്റാണ്’ എന്നുപറയുന്ന ഏതൊരുവളെയും മറ്റേതോ ഗ്രഹത്തില്‍നിന്നുവന്ന ജീവിയെപ്പോലെയാണ് സ്ത്രീകള്‍ അടക്കമുള്ള മലയാളികള്‍ നോക്കിക്കാണുന്നത്. വട്ട കണ്ണടയും വലിയ പൊട്ടും വസ്ത്രധാരണത്തിലെ വ്യത്യസ്തതയുമൊക്കെയായി സിനിമാ-സീരിയല്‍ കഥാപാത്രങ്ങള്‍ സൃഷ്ടിച്ച ടിപ്പിക്കല്‍ ഫെമിനിസ്റ്റുകളെ അളക്കുന്ന അതേ അളവുകോലാണ്, സ്ത്രീകളും മുഖ്യധാരയിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്ന എന്നെപ്പോലുള്ളവരെ അളക്കാന്‍ അപരിചിതര്‍ ഉപയോഗിക്കുന്നത്. പക്ഷേ ഒന്നോര്‍ക്കുക, ഞാനടക്കമുള്ള ഫെമിനിസ്റ്റ് ചിന്താഗതിക്കാരില്‍ ഭൂരിഭാഗവും, കുടുംബമായി ജീവിക്കുന്ന, ജീവിതത്തിന്റെ നല്ല നാളുകള്‍ സ്വപ്നം കാണുന്ന, ഭര്‍ത്താവിന്റെയും കുട്ടികളുടെയും സന്തോഷത്തില്‍ ആനന്ദമനുഭവിക്കുന്ന സാധാരണക്കാര്‍ തന്നെയാണ്. അതോടൊപ്പം ഞങ്ങളുടെ മുഖ്യധാരാ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണനല്‍കുന്നത്, ആശയങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കുന്ന ഭര്‍ത്താക്കന്മാര്‍ അടക്കമുള്ള പുരുഷന്മാരുമാണ്.
കുറച്ചു നാള്‍ മുമ്പ് വരെ ഫെമിനിസ്റ്റ് എന്ന തുറന്നുപറച്ചിലിന് ഞാനും മടിക്കുമായിരുന്നു. സാധാരണ എല്ലാവരും തന്ത്രപരമായി പറയുന്ന പോലെ,’ഞാന്‍ സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കുന്നു. പക്ഷെ നിങ്ങള്‍ വിചാരിക്കുന്ന പോലെ ഞാന്‍ ഒരു ഫെമിനിസ്റ്റ് ഒന്നുമല്ല കെട്ടോ ‘. ഇങ്ങനെ പറഞ്ഞിരുന്നു. പക്ഷെ പിന്നീട് മനസ്സിലായി അങ്ങനെ പറയുന്നത് തന്നെ ഫെമിനിസ്റ്റ് തത്വങ്ങള്‍ക്ക് എതിരാണ് എന്ന്.
ഒരു ഫെമിനിസ്റ്റ് എന്നാല്‍ ഫാസ്സിസ്റ്റ് അല്ലെങ്കില്‍ ഒരു മിനിമം പെണ്‍ ഗുണ്ട എന്ന് ചിന്തിക്കുന്ന സമൂഹം ആണ് ഇന്നും കേരളത്തിലേത്. ഫെമിനിസത്തിന്റെ പേരില്‍ എന്ത് തോന്നിവാസവും കാണിക്കുന്ന ചില സ്ത്രീകള്‍ (ചില പുരുഷന്മാരും) നമുക്കിടയിലുണ്ട്. പക്ഷെ ന്യായമായ അവകാശങ്ങളെ കുറിച്ച് തുറന്നു പറയുന്ന വനിതകളെ സൈബര്‍ യുദ്ധമുറകള്‍ ഉപയോഗിച്ചു ആക്രമിച്ചു കീഴ്പെടുത്തി ആത്മസംതൃപ്തി അടയുന്ന മലയാളി മനസ്സും നമ്മുടെ നാട്ടിലെ ഒരു വികൃത പ്രതിഭാസംതന്നെ. അതുകൊണ്ടുതന്നെ ഫെമിനിസം എന്നാല്‍ പലരും അല്‍പ്പം ദൂരെ മാറി പോവും. സൈബര്‍ ആക്രമണങ്ങളും അവഗണനകളും ഭയന്ന് ഫെമിനിസം എന്ന ആശയം മനസ്സില്‍ ഒതുക്കുന്നവരുമുണ്ട്. എന്നാല്‍ ലോകം മുഴുവന്‍ സ്ത്രീകള്‍ അഭിമുഖികരിക്കുന്ന പ്രശ്നങ്ങളുടെ ആഴം മനസ്സിലാക്കുമ്പോഴാണ് കഷ്ടതയനുഭവിക്കുന്ന സ്ത്രീകള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ ഫെമിനിസം എത്രത്തോളം ആവശ്യമാണെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്.
ഞാന്‍ ഒരു ഫെമിനിസ്റ്റ് ആയതിനു പിന്നില്‍ കാരണങ്ങള്‍ നിരവധിയാണ്. വീട്ടിലെ കാര്യങ്ങള്‍ മുതല്‍ നാട്ടിലെ കാര്യങ്ങള്‍ വരെ അതില്‍ ഉള്‍പ്പെടും. വീട്ടിലെ കാര്യങ്ങള്‍ നിങ്ങളുടെ വീട്ടിലൊക്കെ ഉള്ളപോലെ തന്നെ. പെണ്‍കുട്ടിയായി ജനിച്ചത് കൊണ്ട് ചിലതു ചെയ്യരുത്, ഇങ്ങനെ വേണം ജീവിക്കാന്‍ എന്നൊക്കെ കുട്ടിക്കാലം മുതല്‍ കേട്ടു വളര്‍ന്നു. വിവാഹശേഷം കുറെ നാള്‍ വെറും പെണ്ണായി, ഒരു ഭാര്യയായി, അമ്മയായി ജീവിച്ചു. പിന്നെ തിരിച്ചറിഞ്ഞു, ഞാന്‍ വെറും പെണ്ണല്ല. സമൂഹത്തില്‍ ശക്തമായി ഇടപെടാന്‍ കഴിവുള്ള ആളാണ്. ഇടപെടേണ്ട ആവശ്യവും ഉണ്ട്. പിന്നെ ഉറച്ച തീരുമാനങ്ങളും കാഴ്ചപ്പാടുകളുമായി മുന്നിട്ട് ഇറങ്ങി. ചോദ്യങ്ങള്‍ ചോദിക്കുന്ന പെണ്ണായപ്പോള്‍ ഒരു ഫെമിനിസ്റ്റ് ആയി. പലരും അവജ്ഞയോടെ കാണുന്ന ആ പദവി ഇപ്പോള്‍ പൂര്‍ണ സന്തോഷത്തോടെ കൊണ്ടുനടക്കുന്നു.
കണക്കുകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ നമ്മുടെ രാജ്യത്ത് ഫെമിനിസം എന്ന ആശയത്തിന്റെ വളര്‍ച്ചാ സാധ്യത അനന്തവും അത്യാവശ്യവുമാണ്. ഗ്ലോബല്‍ ജന്‍ഡര്‍ ഇന്‍ഡക്സില്‍ (ആഗോള ലിംഗ സൂചികയില്‍) ഇന്ത്യയുടെ സ്ഥാനം 148 രാജ്യങ്ങളില്‍ 108-ാമതാണ്. ഗ്ലോബല്‍ ജന്‍ഡര്‍ ഇക്വാളിറ്റി ഇന്‍ഡക്സില്‍ (ലിംഗ അസമത്വ സൂചികയില്‍) 160 രാജ്യങ്ങളില്‍ 127-ാമത്. ഇന്ത്യന്‍ പാര്‍ലമെന്റിലെ സ്ത്രീ പ്രാധിനിത്യം വെറും 11.6 ശതമാനം. ജോലി സ്ഥലങ്ങളിലും സമ്പദ്ഘടനയിലും സ്ത്രീകളുടെ സംഭാവന വെറും 33 ശതമാനം. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യ വളരെ പിന്നില്‍ ആണെന്ന് കണക്കുകളിലൂടെ ഞാന്‍ പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ. നമ്മുടെ നാട്ടില്‍ ഇപ്പോഴും പെണ്‍ഭ്രൂണഹത്യ, ബാലവിവാഹം, ലൈംഗിക അതിക്രമങ്ങള്‍, പെണ്‍കുട്ടികളുടെ ജനിതക അങ്ക വിച്ഛേദനം തുടങ്ങിയ കാര്യങ്ങള്‍ ഇപ്പോഴും നടന്നു വരുന്നു. കാലക്രമേണയുള്ള മാറ്റങ്ങളെ മാത്രം ആശ്രയിച്ച് കണക്കുകളുടെ കാര്യത്തില്‍ പുരോഗമന രാജ്യങ്ങളെ നമ്മള്‍ കടത്തിവെട്ടണമെങ്കില്‍ കുറഞ്ഞത് 100 വര്‍ഷമെങ്കിലും എടുക്കും എന്നുവേണം കരുതാന്‍.
നേരത്തെ പറഞ്ഞ ഗ്ലോബല്‍ ജന്‍ഡര്‍ ഗ്യാപ് ഇന്‍ഡക്‌സില്‍ നമ്മള്‍ ഇന്ത്യക്കാരെക്കാളും മുന്നില്‍ ആണ് ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്ന് പറഞ്ഞാല്‍ അതിശയം തോന്നിയേക്കാം. പക്ഷെ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ട ലോകത്തെ സമ്പന്ന രാജ്യങ്ങളെക്കാളും മുന്നിലാണ് മേല്‍പ്പറഞ്ഞ ഗ്ലോബല്‍ ജന്‍ഡര്‍ ഗ്യാപ് ഇന്‍ഡക്‌സില്‍. കഴിഞ്ഞവര്‍ഷം ആഗോള നിക്ഷേപക ഫോറം എന്ന ലോകരാഷ്ട്രങ്ങളുടെ സമ്മേളനം യു.എന്‍ തലസ്ഥാനമായ ജനീവയില്‍ നടന്നു. അതില്‍ പങ്കെടുക്കാന്‍ എനിക്ക് സാധിച്ചു. ഒരേ സമയം പല രാജ്യങ്ങളിലെയും ധനകാര്യ മന്ത്രിമാരും വിദഗ്ധരും അവിടെയെത്തി അവരുടെ രാജ്യത്തിലേക്ക് നിക്ഷേപസ്വരൂപണം നടത്തുകയാണ് അവിടെ ചെയ്യുന്നത്. പൊതുവെ ആഫ്രിക്കന്‍ രാജ്യങ്ങള്‍ പിന്നിലാണ് എന്ന് ചിന്തിചിരുന്ന എന്റെ കാഴ്ചപാട് മാറ്റിയ ഒന്നായിരുന്നു ആ യാത്ര. ഒരു പരിപാടിയില്‍, വേദിയില്‍ ഇരുന്ന പന്ത്രണ്ടു പേരില്‍ 9 പേര്‍ സ്ത്രീകള്‍. അതില്‍ 7 പേര്‍ ആഫ്രിക്കന്‍ രാജ്യ പ്രതിനിധികള്‍. ചിലര്‍ അവിടുത്തെ മന്ത്രിമാര്‍. അവര്‍ അവരുടെ രാജ്യത്തിലേക്ക് എന്തുകൊണ്ട് നിക്ഷേപിക്കണം എന്ന് ഇംഗ്ലീഷില്‍ കിടിലമായി പ്രസംഗിക്കുന്നു. കേട്ടിരുന്ന ഞാന്‍ അറിയാതെ കയ്യടിച്ചുപോയി. നമ്മള്‍ പാവപ്പെട്ടവര്‍ എന്ന് വിചാരിച്ച ആഫ്രിക്കന്‍ രാജ്യത്ത് സ്ത്രീകള്‍ അവരുടെ കഴിവുകള്‍ രാജ്യപുരോഗതിക്കു വേണ്ടി ഉപയോഗിക്കുന്നു. എന്റെ ഇന്ത്യാ മഹാരാജ്യത്താകട്ടെ സ്ത്രീകള്‍ വീട്ടിലെ മന്ത്രിമാരായി സന്തുഷ്ട കുടുംബജീവിതം നയിക്കുന്നു.
ഇനി മറ്റൊരു അനുഭവം പറയാം. അടുത്തിടെ ഇന്ത്യയെ പ്രതിനിധീകരിച്ചു വനിതാ സംരംഭകത്വത്തെ കുറിച്ച് പഠിക്കുവാന്‍ ആയി മൂന്നാഴ്ച അമേരിക്കയിലെ വ്യത്യസ്ത പട്ടണങ്ങളില്‍ സഞ്ചരിക്കാന്‍ സാധിച്ചു. സഞ്ചാരത്തില്‍ പലതരത്തിലുള്ള ഫെമിനിസ്റ്റ് കൂട്ടായ്മകളെ കുറിച്ച് പഠിക്കുവാനും സാധിച്ചു. താന്‍ ഒരു ഫെമിനിസ്റ്റ് ആണെന്ന് തുറന്നു പറയാന്‍ ഒരു മടിയും ഇല്ലാത്തവര്‍. നേരത്തെ പറഞ്ഞ ഇന്‍ഡക്സുകളില്‍ ഇന്ത്യയെക്കാള്‍ വളരെ മുന്നില്‍ ഉള്ള ആ രാജ്യത്തു പോലും ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ തീവ്രമായ പ്രവര്‍ത്തിക്കുന്നു. അതിലെ ഒരു പ്രധാന സംഘടനയുടെ പ്രതിനിധിയോട് ഞാന്‍ ചോദിച്ചു, ‘താങ്കള്‍ സ്ത്രീകള്‍ക്ക് വേണ്ടി വാദിക്കുമ്പോള്‍ സമൂഹം ചോദിക്കാറില്ലേ ‘ഇതിന്റെ ആവശ്യം ഉണ്ടോ? മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു അമേരിക്കയില്‍ കാര്യങ്ങള്‍ ഭേദമല്ലേ എന്ന്?’ അതിനു അവര്‍ പറഞ്ഞ മറുപടി, ‘കാര്യങ്ങള്‍ ഭേദമെന്നു എങ്ങനെ പറയാന്‍ കഴിയും? സ്ത്രീകള്‍ എല്ലാ മേഖലകളിലും 50 ശതമാനം ആവുമ്പോള്‍ അല്ലെ കാര്യങ്ങള്‍ ശരിയാകൂ? ഇത്രയും വലിയ ഒരു രാജ്യത്ത് ഇപ്പോഴും ഭരണത്തിലും മറ്റു പ്രധാന മേഖലകളിലും സ്ത്രീസാന്നിധ്യം വളരെ കുറവ് തന്നെയാണ്. അതുകൊണ്ട് തന്നെ ഫെമിനിസം ആവശ്യമാണ് ‘. നമ്മുടെ നാട്ടിലെ അവസ്ഥ ഓര്‍ത്തപ്പോള്‍ ഇനി എത്ര ദശകങ്ങള്‍ കടന്നാലാണ് തുല്യ സ്ത്രീസാന്നിധ്യം ഉറപ്പാക്കാന്‍ കഴിയുക എന്നത് ഒരു നിമിഷം ഞാന്‍ ആലോചിച്ചു വേദനിച്ചു.
അവിടെ പരിചയപ്പെട്ട ഒരു അമേരിക്കന്‍ വനിത എന്നോട് ചോദിച്ച ഒരു ചോദ്യം കൂടി പറയട്ടെ. അവര്‍ അത് ചോദിച്ചത് അവരുടെ ഓഫീസിലെ അവരുടെ കീഴില്‍ ജോലിചെയ്യുന്ന ഒരു ഇന്ത്യന്‍ വനിതയെകുറിച്ചാണ്. ആ വനിത എല്ലാ ദിവസവും രാവിലെ നാലുമണിക്കുണര്‍ന്നു പാചകം മുഴുവന്‍ തീര്‍ത്ത്, കുട്ടികളെ സ്‌കൂളില്‍ ആക്കിയിട്ടാണ് ഓഫീസില്‍ എത്തുന്നത്. പലദിവസങ്ങളിലും അവര്‍ക്ക് ഓഫീസില്‍ ക്ഷീണമാണ്. അവരുടെ ജോലിയില്‍ ശ്രദ്ധിക്കാന്‍ സാധിക്കുന്നില്ല. രണ്ടു ചെറിയ കുട്ടികളുണ്ട്. കുട്ടികളുടെട കാര്യങ്ങള്‍ മുഴുവന്‍ നോക്കേണ്ട ഉത്തരവാദിത്തം അവര്‍ക്കു മാത്രമാണ്. അമേരിക്കന്‍ ബോസ്സ് എന്നോട് ചോദിച്ച ചോദ്യം ഇതായിരുന്നു, ‘ഈ വനിതയുടെ വീട്ടിലെ കാര്യങ്ങളില്‍ എന്തുകൊണ്ട് അവരുടെ ഭര്‍ത്താവ് സഹായിക്കുന്നില്ല? അയാള്‍ ഓഫീസ് കാര്യങ്ങളില്‍ തിരക്കിട്ടു നടക്കുന്നു. തിരിച്ചു വൈകി വരുന്നു. വന്നു കഴിഞ്ഞാലും ടി.വി കണ്ടിരിക്കുന്നു. അവളെ അടുക്കളയില്‍ സഹായിക്കാനോ മറ്റു വീട്ടുജോലികള്‍ ഏറ്റെടുക്കാനോ ശ്രമിക്കാറില്ല. അയാളെ എങ്ങനെയാണ് ഒന്ന് പറഞ്ഞു മനസ്സിലാക്കുക? അയാളെപോലെ തന്നെ ബി.ടെക് പാസായ, അയാളെ പോലെ തന്നെ കഴിവുകള്‍ ഉള്ള ഒരാളാണ് ആ വനിത. പക്ഷെ ഓഫീസില്‍ നേതൃത്വം ഏറ്റെടുക്കാന്‍ ഈ സ്ത്രീ മടിക്കുന്നു.’ ഈ ചോദ്യം കേട്ട ഞാന്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. ‘പ്രിയ സുഹൃത്തേ, ഈ പറഞ്ഞത് ജോലിക്ക് പോകുന്ന ഒരു ശരാശരി ഇന്ത്യന്‍ വനിത ദൈനംദിനം നേരിടുന്ന ഒന്നാണ്. എനിക്കിതില്‍ പുതുമ തോന്നുന്നില്ല. സ്വന്തം അമ്മ അടുക്കളയില്‍ ഓടിനടന്നു പണിയെടുക്കുമ്പോള്‍ അച്ഛന്‍ രാവിലെ എണീറ്റു ചായ കുടിച്ചു പത്രം വായിച്ചിരുക്കുന്നതു കണ്ടു വളരുന്ന കുട്ടികള്‍ ചിന്തിക്കും, ‘അടുക്കള പെണ്ണിനും നാട്ടുകാര്യം ആണിനും’ എന്ന്. കുട്ടിക്കാലം മുതല്‍ ഇതു കണ്ടു വളര്‍ന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും ആണ് നമ്മുടെ സമൂഹത്തിന്റെ അസമത്വ ചിന്താഗതിയുടെ പങ്കാളികള്‍. കാര്യങ്ങള്‍ കുറെയൊക്കെ ഇപ്പോള്‍ മാറി വരുന്നു. പക്ഷെ വീട്ടുജോലികളില്‍ പുരുഷസാന്നിധ്യം ഇല്ലായ്മയാണ് സ്ത്രീകള്‍ തന്റെ പ്രവര്‍ത്തിമേഖലയില്‍ പിന്നില്‍ ആയിപോകാന്‍ ഒരു കാരണം. മറ്റു പല കാരണങ്ങളും ഉണ്ട്. ‘
അമേരിക്കന്‍ വനിതക്ക് കാര്യങ്ങള്‍ പൂര്‍ണമായി ദഹിച്ചില്ല. ഏതായാലും അവരുടെ വീട്ടില്‍ അവരുടെ ഭര്‍ത്താവ് ആണ് പല ദിവസങ്ങളിലും ഭക്ഷണം ഉണ്ടാക്കാറുള്ളത് എന്നവര്‍ പറഞ്ഞു. പിന്നെ നമ്മുടെ നാട്ടിലെ പോലെ ചോറും നാലുകൂട്ടം കറികളും ഒന്നും ഉണ്ടാവില്ല. എളുപ്പത്തില്‍ ഒരു മണിക്കൂറില്‍ താഴെ ഉണ്ടാക്കി കഴിക്കാവുന്ന വിഭവങ്ങള്‍ ആണ് കൂടുതലും. കുട്ടികളെ അവരുടെ കാര്യങ്ങള്‍ സ്വന്തമായി നോക്കുവാന്‍ പ്രാപ്തിയുള്ളവരാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു ഈ അമേരിക്കന്‍ അമ്മ. നമ്മുടെ നാട്ടിലെ ചില വനിതകൾ ഇരുപതു വയസ്സിലും മകന്റെ അടിവസ്ത്രം വരെ കഴുകികൊടുക്കുന്നു. ഇങ്ങനെ വളര്‍ന്ന മകന്‍ നാളെ വിവാഹിതന്‍ ആകുമ്പോള്‍ അതുതന്നെ ഭാര്യയില്‍ നിന്നും പ്രതീക്ഷിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ ഇത്തരക്കാര്‍ക്ക് ചിട്ടയായ ഒരു നല്ല ജീവിത രീതിയും, ലിംഗഭേതമന്യേ സഹജീവികളോട് മികച്ച രീതിയില്‍ പെരുമാറാനും ബഹുമാനിക്കാനും പഠിപ്പിച്ചുകൊടുത്താല്‍പിന്നെ ഫെമിനിസത്തിന്റെപേരില്‍ ഒരാള്‍ക്കും ഭാവിയില്‍ തെരുവില്‍ ഇറങ്ങേണ്ടിവരില്ല.
ഇതൊക്കെ ഇങ്ങനെ തുറന്നു പറയുന്നതുകൊണ്ട് ഞാന്‍ ഏതായാലും ഫെമിനിസ്റ്റായി. പക്ഷെ ഈ ലോകത്തിന് ഇത് ആവശ്യം എന്നതുകൊണ്ടുതന്നെ, ഞാന്‍ പൂര്‍ണ സന്തോഷത്തോടെ, ഈ പദവി സ്വീകരിക്കുന്നു. എന്റെ കൂടെ വരാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് വരാം. വന്നില്ലെങ്കിലും ഞാന്‍ എന്റെ പ്രയാണം തുടരും. എന്റെ മകള്‍ക്കും മകനും വേണ്ടി. എനിക്ക് ചുറ്റുമുള്ള സമൂഹത്തിന്റെ നല്ലൊരു ഭാവിക്കായി. സ്ത്രീ ശാക്തീകരണത്തിനായി.
നിങ്ങളുടെ അഭിപ്രായം ജനപ്രിയത്തിലൂടെ ….
പ്രത്യേക മേഖലകളിലുള്ള വിദഗ്ധ അഭിപ്രായങ്ങള്‍ ഞങ്ങളിലൂടെ
നിങ്ങള്‍ക്കും പങ്കുവയ്ക്കാം. ഈ അഭിപ്രായങ്ങൾ എഴുത്തുകാരുടെ വ്യക്തിപരമായ നിലപാട് മാത്രമാണ്. ഇത് ജനപ്രിയത്തിന്റെ അഭിപ്രായമല്ല. മതപരമല്ലാത്തതും വ്യക്തിഹത്യ നടത്താത്തതും, രാജ്യദ്രോഹപരമല്ലാത്തതുമായ നിങ്ങളുടെ അഭിപ്രായങ്ങള്‍ info@janapriyam.com ഇ മെയിലിലേക്ക്
അയക്കാവുന്നതാണ്.