ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട സുപ്രധാന തെളിവുമായി ബാലുവിന്റെ അമ്മാവൻ

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ പ്രകാശ് തമ്പി, വിഷ്ണു, പാലക്കാട്ടെ ആയുര്‍വേദ ആശുപത്രി നടത്തിപ്പുകാരി എന്നിവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അമ്മാവനും ഗുരുനാഥനുമായ ബി.ശശികുമാര്‍ രംഗത്ത്. ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇവര്‍ മൂവരും ചേര്‍ന്ന് ബാലുവിനെ മുതലാക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശശികുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ശശികുമാറിന്റെ വാക്കുകള്‍ ഇങ്ങനെ, അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവസമാണ് പ്രകാശ് തമ്ബിയെ കുറിച്ച് സംശയമുണ്ടായത്. പാലക്കാട്ടെ ആയുര്‍വേദ ഹോസ്പിറ്റല്‍ നടത്തിപ്പുകാരിയും ആശുപത്രിയില്‍ വന്നിരുന്നു. അപകട ശേഷം ഇവരുടെ പെരുമാറ്റത്തില്‍ സാരമായ മാറ്റമുണ്ടായി. ബന്ധുക്കളെ പൂര്‍ണമായി ഒഴിവാക്കി മൂവരും ആശുപത്രിയിലെ മുറിയില്‍ ചര്‍ച്ചകള്‍ നടത്തി. ബാലുവിന്റെ സാമ്ബത്തിക കാര്യങ്ങള്‍ തങ്ങളുടെ വരുതിയിലാക്കുന്നതില്‍ ആയിരുന്നു ശ്രദ്ധ. ഇതിനിടയില്‍ പ്രകാശ് തമ്ബി രണ്ടുവട്ടം ചില രേഖകളില്‍ ലക്ഷ്മിയുടെ വിരലടയാളം പതിപ്പിക്കാന്‍ ശ്രമം നടത്തി. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് നടന്നില്ല. ബാലുവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇവര്‍ക്ക് ഒരു ദുഃഖവും ഉള്ളതായി അനുഭവപ്പെട്ടില്ല.

ഡ്രൈവര്‍ അര്‍ജുന്‍ ആദ്യം പറഞ്ഞത് വാഹനം ഓടിച്ചിരുന്നത് താനാണൊണ്. എന്നാല്‍ പിന്നീട് മൊഴി മാറ്റി. ആശുപത്രിയില്‍ നിന്നും ബാലഭാസ്‌കറിന്റെ കുടുംബത്തെ മാറ്റിനിര്‍ത്താനും ബോധപൂര്‍വമായ ശ്രമം നടന്നു. പ്രകാശ് തമ്ബിയേയും വിഷ്ണുവിനെയും ജോലിയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ ബാലു ആലോചിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് സാക്ഷികളെയും ഇവരാണ് ഹാജരാക്കിയത്. ബാലുവിന്റെ മരണശേഷം പ്രകാശ് തമ്ബി സാമ്ബത്തിക കാര്യങ്ങളില്‍ കൂടുതല്‍ പിടിമുറക്കി. ഇയാളുടെ നിര്‍ദേശത്തെ തുടര്‍ന്ന് ബാലുവിന്റെ കുടുംബത്തെ സ്വത്ത്, അക്കൗണ്ട് സംബന്ധമായ രേഖകള്‍ കാണിക്കുന്നതില്‍ നിന്നും ബാങ്ക് അധികൃതരെ വിലക്കി.