കോഴിക്കോട് ജില്ലയില്‍ വിഷ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു. രണ്ട് പേരുടെ നില ഗുരുതരാവസ്ഥയിലാണ്.

കോഴിക്കോട്: ജില്ലയില്‍ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു. രണ്ട് പേരുടെ നില ഗുരുതരാവസ്ഥയിലാണ്. കോടഞ്ചേരി ചെമ്പിരി കോളനിയിലാണ് സംഭവം. ചെമ്പിരി കോളനിയിലെ കൊളമ്പന്‍ എന്നയാളാണ് മരിച്ചത്. 65 വയസായിരുന്നു.

രണ്ട് പേരെ അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചെമ്പിരികോളനിയിലെ ഗോപാലന്‍, നാരായണന്‍ എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇവര്‍ക്ക് എങ്ങിനെയാണ് മദ്യം ലഭിച്ചതെന്ന് വിവരം ലഭ്യമല്ല. കൂടുതല്‍ ആളുകള്‍ മദ്യം കഴിച്ചിട്ടുണ്ടോയെന്ന് പൊലീസ് നേതൃത്വത്തില്‍ പരിശോധിക്കും. താമരശ്ശേരി സി.ഐയുടെ നേതൃത്വത്തിലാണ് പരിശോധന.
ഏത് തരത്തില്‍ ഉള്ള മദ്യമാണ് കഴിച്ചതെന്ന് വിവരം ലഭിച്ചിട്ടില്ല. മൂന്ന് പേരും തോട്ടം തൊഴിലാളികളാണ്.