ബ്രസീലിയ: ഫോണ്ടെനോവ അരീനയില്‍ നടന്ന മത്സരത്തില്‍ ശക്തരായ കൊളംബിയ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മെസ്സിയെയും കൂട്ടരെയും തകർത്തുവിട്ടു. 71-ാം മിനിറ്റില്‍ റോജര്‍ മാര്‍ട്ടിനസും 86-ാം മിനിറ്റില്‍ ഡുവാന്‍ സപാട്ടയുമാണ് കൊളംബിയക്ക് വേണ്ടി ഗോള്‍ നേടിയത്.
മത്സരത്തില്‍ 4-2-3-1 ശൈലിയിലാണ് അര്‍ജന്റീന കളിക്കാനിറങ്ങിയത്. കൊളംബിയ 4-3-3 ശൈലിയിലും കളത്തിലിറങ്ങി. തുടക്കത്തിൽ അർജന്റീന ആക്രമിച്ച് കളിച്ച് കളി തങ്ങളുടെ വരുതിയിലാക്കുമെന്ന് തോന്നിയെങ്കിലും പിന്നീടങ്ങോട്ട് കൊളംബിയയുടെ ആക്രമണത്തിന് മൂർച്ചയേറി. 14-ാം മിനിറ്റില്‍ കൊളംബിയയുടെ ലൂയിസ് മൂരിയലിന് പരിക്കേറ്റ് പുറത്തുപോയി. 39-ാം മിനിറ്റില്‍ ഫാല്‍ക്കോ ഹെഡറിലൂടെ ലക്ഷ്യം കാണാന്‍ ശ്രമിച്ചെങ്കിലും വിഫലമായി.
രണ്ടാംപകുതിയില്‍ ഡി മരിയയെ പിൻവലിച്ച അർജന്റീന പകരം റോഡ്രിഗോ ഡീ പോളിനെ കളത്തിലിറക്കി. എന്നാൽ കൊളംബിയൻ കുതിപ്പിനെ പൂട്ടാൻ അത് മതിയാകുമായിരുന്നില്ല. 46-ാം മിനിറ്റില്‍ പരേദേസിന്റെ ഷോട്ട് കൊളംബിയന്‍ ഗോള്‍പോസ്റ്റിന് അരികിലൂടെ പുറത്തേക്കുപോയെങ്കിലും ഗോളായില്ല. 62-ാം മിനിറ്റില്‍ ബോക്സിന് പുറത്തുനിന്ന് ലയണല്‍മെസിയും ഷോട്ട് തൊടുത്തെങ്കിലും കൊളംബിയന്‍ ഗോളി ഒസ്മിന റാമിറസ് രക്ഷപ്പെടുത്തി.
രണ്ടാം പകുതിയുടെ 71-ാം മിനിറ്റിലായിരുന്നു കൊളംബിയയുടെ ആദ്യ ഗോള്‍ പിറന്നത്. ജെയിംസ് റോഡ്രിഗസ് ബോക്സിന്റെ ഇടതുഭാഗത്ത് നിന്ന് തൊടുത്ത ഷോട്ട് റോജര്‍ മാര്‍ട്ടിനസാണ് ലക്ഷ്യത്തിലെത്തിച്ചത്. 86-ാം മിനിറ്റിൽ ഡുവാന്‍ സപാട്ടയുടെ ക്ലോസ് റേഞ്ച് ഷോട്ട് അർജന്റീനയുടെ തോൽവി ഉറപ്പിച്ചു. ഗ്രൂപ്പ് എ.യിലെ വെനസ്വേല-പെറു മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് ലഭിച്ചു. ആദ്യകളിയില്‍ ബൊളീവിയയെ തകര്‍ത്ത ബ്രസീലാണ് മൂന്നുപോയിന്റുമായി ഗ്രൂപ്പ് എ.യില്‍ മുന്നില്‍.