നൈജീരിയയില്‍ ഇന്ത്യന്‍ നാവികരെ തട്ടിക്കൊണ്ടുപോയി

ന്യൂഡല്‍ഹി: നൈജീരിയയില്‍ അഞ്ച് ഇന്ത്യന്‍ നാവികരെ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വാര്‍ത്ത ട്വിറ്ററില്‍ സ്ഥിരീകരിച്ചു. നാവികരുടെ മോചനത്തിനായി നൈജീരിയന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കാന്‍ നൈജീരിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറോട് ആവശ്യപ്പെട്ടതായും സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.

നൈജീരിയയിലെ ബോണി ഓട്ടര്‍ ആക്കറിലുള്ള കപ്പല്‍ എംടി അപ്പെക്കസിലെ അഞ്ച് ഇന്ത്യന്‍ നാവികരെ കഴിഞ്ഞമാസം കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ നാവികരെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് വ്യക്തമാക്കി ഇവരുടെ ബന്ധുക്കളും രംഗത്തെത്തിയിരുന്നു. അതേസമയം, നൈജീരിയര്‍ സര്‍ക്കാരിന് കൊള്ളക്കാരുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടുണ്ടെന്നും കടല്‍ കൊള്ളക്കാരുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ അഞ്ച് നാവികരും സുരക്ഷിതരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.