കളമശേരിയില്‍ മൂന്നുപേരെ തീകൊളുത്തി കൊന്നശേഷം ആത്മഹത്യ ചെയ്ത ചേര്‍ത്തല സ്വദേശി സിജി (41) യ്ക്ക് മരിച്ച സ്ത്രീയടക്കം ഉണ്ടായിരുന്നത് നാലു ഭാര്യമാര്‍. തണ്ണീര്‍മുക്കം പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ വാരനാട് തോപ്പുവെളി പ്രകാശന്റെയും പങ്കജവല്ലിയുടെയും മകനായ സിജിയെ കാണാനില്ലെന്ന് കാട്ടി ഭാര്യ ചന്ദ്രലേഖ ചേര്‍ത്തല പോലീസില്‍ പരാതി നല്‍കിയിരുന്നു. കെട്ടിട നിര്‍മാണ തൊഴിലാളിയായ സിജി കണ്ണൂരില്‍ ജോലിക്കെന്നു പറഞ്ഞാണു വീട്ടില്‍നിന്ന് പോയത്. പിന്നീട് തിരിച്ചെത്തിയില്ല.
വര്‍ഷങ്ങളായി കുടുംബവുമായി അകന്നു കഴിയുന്ന ഇയാള്‍ നാലു വര്‍ഷങ്ങള്‍ക്കു മുമ്പാണ് അവസാനമായി വീട്ടിലെത്തിയത്. ഇയാള്‍ക്ക് ആദ്യഭാര്യയില്‍ 18 വയസുള്ള പെണ്‍കുട്ടിയും രണ്ട് ആണ്‍കുട്ടികളും ഉണ്ട്. ഇവര്‍ വാരനാട്ടെ വീട്ടിലാണു കഴിയുന്നത്. മരിച്ച സ്ത്രീയടക്കം സിജിക്ക് നാലു ഭാര്യമാരുണ്ടെന്നും ചന്ദ്രലേഖയുമായി ഇയാള്‍ ഇടയ്ക്കിടെ വഴക്കിടാറുണ്ടായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു. കൊച്ചി സര്‍വകലാശാലാ ക്യാമ്പസിനു സമീപം പോട്ടച്ചാല്‍ നഗര്‍ റോഡില്‍ വാടകയ്ക്കു താമസിക്കുക്കുകയായിരുന്നു.
ചെങ്ങര പട്ടിമറ്റം പീച്ചേരി പറമ്പില്‍ ബിന്ദു(29), മകന്‍ ശ്രീഹരി(ഒന്നര), ബിന്ദുവിന്റെ അമ്മ ആനന്ദവല്ലി(54) എന്നിവരാണു മരിച്ചത്. ബിന്ദുവും ശ്രീഹരിയും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ആനന്ദവല്ലി(54 )യെ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടില്‍ സൂക്ഷിച്ചിരുന്ന ഡീസല്‍ മൂന്നുപേരുടെയും ശരീരത്തില്‍ ഒഴിച്ചശേഷം സിജി തീ കൊളുത്തുകയായിരുന്നുവെന്ന് ആനന്ദവല്ലി പോലീസിനും ഡോക്ടര്‍മാര്‍ക്കും മൊഴി നല്‍കിയിട്ടുണ്ട്.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. നിലത്തു പായയില്‍ കിടന്നുറങ്ങുകയായിരുന്ന ബിന്ദുവിനെയും മകനെയും ബിന്ദുവിന്റെ അമ്മയെയും തീകൊളുത്തുകയായിരുന്നു. മരണവെപ്രാളത്തില്‍ വീടിനു പുറത്തിറങ്ങിയ ആനന്ദവല്ലിയുടെ നിലവിളി കേട്ടാണു നാട്ടുകാര്‍ സംഭവം അറിയുന്നത്. വീടിനകത്ത് ആളുണ്ടെന്നും സിജിയാണു തീ കൊളുത്തിയതെന്നും ആനന്ദവല്ലി പറഞ്ഞു. നാട്ടുകാര്‍ വീടിനുള്ളില്‍ കയറിയപ്പോഴേക്കും ബിന്ദുവും ശ്രീഹരിയും മരിച്ചിരുന്നു.
തെരച്ചിലിനൊടുവിലാണ് സജിയെ വീടിനു പുറത്തെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസും നാട്ടുകാരും ചേര്‍ന്ന് ആനന്ദവല്ലിയെ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ മരിച്ചു. സിജിയും ബിന്ദുവും തമ്മില്‍ നിത്യവും വഴക്കുണ്ടാകാറുണ്ടായിരുന്നെന്നും ഞായറാഴ്ച രാത്രി വീടിനു പുറത്തിരുന്ന് സിജി മദ്യപിച്ചിരുന്നായും ആനന്ദവല്ലിയുടെ മൊഴിയിലുണ്ട്. രാത്രി ഏറെ വൈകിയും ആനന്ദവല്ലി പൈപ്പില്‍നിന്നു ബക്കറ്റുകളില്‍ വെള്ളം നിറയ്ക്കുകയും തുണി അലക്കുകയും ചെയ്യുന്നതു കണ്ടതായി അയല്‍വാസികള്‍ പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചിലാണ് ഇവര്‍ ഇവിടെ വാടകയ്ക്കു താമസിക്കാനെത്തിയത്.
ഹോട്ടല്‍ ജോലിക്കാരനാണു സിജി. ഡയറിയില്‍നിന്നു ലഭിച്ച ഫോണ്‍ നമ്പറില്‍നിന്നാണ് സിജിയുടെ ബന്ധുക്കളെ കണ്ടെത്താനായത്. ഫോറന്‍സിക് ഫിംഗര്‍ പ്രിന്റ് വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി. കളമശേരി സി.ഐ: എ. പ്രസാദ്, എസ്.ഐ: പി.ജി. മധു, തൃക്കാക്കര എസ്.ഐ, അമ്പലമേട് എസ്.ഐ. എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കി സിജിയുടെ മൃതദേഹം ജന്മനാടായ ചേര്‍ത്തലയിലേക്കു കൊണ്ടുപോയി. മറ്റുള്ളവരുടെ സംസ്‌കാരം കളമശേരി ശ്മശാനത്തില്‍ നടന്നു.