വെള്ളംകുടിച്ചും ക്രീം പുരട്ടിയും മടുത്തു… പൊരിവെയിലില്‍ ഇനിയും പ്രചരണം വയ്യ, കള്ളവോട്ട് ആരോപണത്തില്‍ ആര്‍ക്കും റീ പോളിംഗ് വേണ്ട.. വേണ്ട

തീയില്‍ കുരുത്തത് വെയിലത്ത് വാടില്ലെന്നാണു പഴമൊഴി,അതൊക്കെ അവിടെ നിക്കട്ടെ, പക്ഷേ ഇപ്പോഴത്തെ ചൂടത്ത് വാടാതിരിക്കാന്‍ കുടചൂടണമെന്നു മാത്രം. ഇനി കുട ചൂടാന്‍ തീരുമാനിച്ചാല്‍ത്തന്നെ അതിന്റെ തണലില്‍ നില്‍ക്കാന്‍ അണികളുമുണ്ടാകില്ല. മറ്റാര്‍ക്കുമറിയില്ലെങ്കിലും അതു നന്നായിട്ട് അറിയാവുന്നത് സ്ഥാനാര്‍ഥികള്‍ക്കും മുന്നണികള്‍ക്കുമാണ്.

അതുകൊണ്ടുതന്നെ വടക്കന്‍ കേരളത്തില്‍ വ്യാപക കള്ളവോട്ട് നടന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാം റാം മീണ തന്നെ സ്ഥിരീകരിക്കുമ്പോഴും, ആരോപണ-പ്രത്യാരോപണങ്ങള്‍ കൊഴുക്കുമ്പോഴും വീണ്ടും വോട്ടെടുപ്പ് ആവശ്യപ്പെട്ട് ഒരു സ്ഥാനാര്‍ഥിയും പരാതി നല്‍കാന്‍ തയാറല്ല.

അതൊക്കെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിക്കട്ടെ എന്ന് ഒഴുക്കന്‍ മട്ടിലുള്ള മറുപടി മാത്രം. കാരണം മറ്റൊന്നുമല്ല പൊരിവെയിലത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാന്‍ ഇനി അണികളെ കിട്ടില്ല, സ്ഥാനാര്‍ഥികള്‍ക്കും വയ്യ എന്നതാണു സ്ഥിതി. കൊടുചൂടില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കുടിച്ച വെള്ളത്തിനു കണക്കില്ല, പൊട്ടിച്ച പണത്തിനും.

കരുവാളിച്ച മുഖത്തു തേച്ച ക്രീമുകള്‍ അനവധി. ഇനിയും പൊരിവെയിലില്‍ പ്രചരണത്തിനോ, കൂടാതെ അധിക ചെലവും. അതിനു വയ്യാ എന്ന് സ്ഥാനാര്‍ഥികള്‍ തന്നെ രഹസ്യമായി പാര്‍ട്ടികളോട് പറഞ്ഞു കഴിഞ്ഞു. കള്ളവോട്ട് പ്രചാരണം വ്യാപകമായ കാസര്‍ഗോഡ് മണ്ഡലത്തിലെ പ്രമുഖ മുന്നണി സ്ഥാനാര്‍ഥികളൊന്നും തന്നെ ഉപതെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടില്ല