തിരുവനന്തപുരം: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂര വിളംബരത്തിനുമാത്രം എഴുന്നള്ളിക്കാമെന്ന് അഡ്വക്കറ്റ് ജനറൽ സി.പി. സുധാകര പ്രസാദ്. തൃശൂര്‍ കലക്ടർ ടി.വി. അനുപമയ്ക്ക് അഡ്വക്കറ്റ് ജനറൽ നിയമോപദേശം നൽകി. അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതലെടുക്കണമെന്നും നിർദേശമുണ്ട്.
ജനങ്ങളെ അകലെ നിർത്തണം. ആനയ്ക്കു പ്രകോപനമുണ്ടാകാതെ നോക്കണം. ഭാവിയില്‍ ഇതു കീഴ്വഴക്കമാക്കരുത്. എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ സ്ഥലത്തുണ്ടായാൽ അതിന്റെ ഉത്തരവാദിത്തം ആന ഉടമയ്ക്കായിരിക്കും. ഇക്കാര്യം ഉടമയിൽനിന്ന് എഴുതി വാങ്ങണമെന്നും അഡ്വക്കറ്റ് ജനറൽ വ്യക്തമാക്കി. ആനയ്ക്ക് ഇൻഷുറൻസ് നിർബന്ധമാക്കി.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ നിയമോപദേശം തേടാൻ മന്ത്രിമാരും ആന ഉടമകളും തമ്മിലുള്ള ചർച്ചയിലാണു ധാരണയായത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ കലക്ടർ അധ്യക്ഷയായ ജില്ലാതല നിരീക്ഷക സമിതിക്കു തീരുമാനമെടുക്കാൻ കഴിയുമോയെന്ന കാര്യത്തിലാണു നിയമോപദേശം തേടിയത്.