രണ്ടിടത്തും ജയിച്ചാല്‍ രാഹുല്‍ വയനാട് നിലനിര്‍ത്തിയേക്കും ; പ്രിയങ്കയെ മോഡിക്കെതിരേ വാരണാസിയില്‍ ഇറക്കാതിരുന്നത് പിന്നീട് അമേഠിയില്‍ മത്സരിപ്പിക്കാന്‍..

ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകളില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി രണ്ടിടത്തും ജയിച്ചാല്‍ ഒരെണ്ണം ഉപേക്ഷിക്കുമെന്നും ആ സീറ്റ് സഹോദരി പ്രിയങ്കയ്ക്കായി നല്‍കുമെന്നും റിപ്പോര്‍ട്ട്. യുപിയിലെ അമേഠിക്ക് പുറമേ കേരളത്തിലെ വയനാട്ടിലും കൂടി മത്സരിക്കുന്ന രാഹുല്‍ രണ്ടിടത്തും ജയം നേടിയാല്‍ അമേഠി കൈവിട്ടേക്കുമെന്നും കോണ്‍ഗ്രസിന്റെ മറ്റൊരു സുരക്ഷിത മണ്ഡലമായ ഇവിടെ സഹോദരിയെ മത്സരിപ്പിച്ചേക്കുമെന്നുമാണ് വിലയിരുത്തല്‍.

കോണ്‍ഗ്രസ് കുടുംബരാഷ്ട്രീയം പയറ്റുകയാണെന്ന ബിജെപിയുടെയും നരേന്ദ്രമോഡിയുടെ ആരോപണങ്ങള്‍ ശരി വെയ്ക്കുന്ന രീതിയിലാണ് അണിയറ നീക്കങ്ങള്‍. മത്സരിക്കാനായി രാഹുല്‍ പതിവ് മണ്ഡലമായ അമേഠിയ്ക്ക് പുറമേ വയനാട് കൂടി തെരഞ്ഞെടുത്തപ്പോള്‍ ചിരിച്ചവരും പരിഹസിച്ചവരും ഏറെയാണ്. പാര്‍ലമെന്റ് പ്രവേശനം ഉറപ്പാക്കാന്‍ രാഹുല്‍ സുരക്ഷിത താവളം തേടി ഓടിയെന്നായിരുന്നു ബിജെപിയുടെ പരിഹാസം. എന്നാല്‍ രണ്ടിടത്തും ജയിച്ചാല്‍ രാഹുല്‍ വയനാട് നിലനിര്‍ത്തി അമേഠി കൈവിടുമെന്നാണ് കേള്‍ക്കുന്നത്.

അമേഠി പ്രിയങ്കയ്ക്ക് നല്‍കാന്‍ തത്വത്തില്‍ ധാരണയായെന്നാണ് കേള്‍ക്കുന്നത്. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പോടെയാണ് പ്രിയങ്ക രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ പ്രിയങ്ക തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ തന്നെ മത്സരിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടി പറഞ്ഞാല്‍ വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരേ മത്സരിക്കാന്‍ തയ്യാറാണെന്ന് പ്രിയങ്ക അറിയിച്ചിരുന്നെങ്കിലൂം മോഡിക്കെതിരേ പ്രിയങ്കയെ ചാവേറാക്കേണ്ട എന്നായിരുന്നു നേതൃത്വം എടുത്ത തീരുമാനം.