ഭീകരനാണെങ്കില്‍ അവന്‍ ജയിലില്‍ കിടക്കട്ടെയെന്ന് റിയാസ് അബൂബക്കറിന്റെ പിതാവ്. കഴിഞ്ഞ ദിവസമാണ് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിച്ച് പാലക്കാട് നിന്നും റിയാസിനെ എന്‍ഐഎ അറസ്റ്റ് ചെയ്യുന്നത്. കേരളത്തില്‍ ചാവേര്‍ സ്‌ഫോടനം നടത്താനുള്ള പദ്ധതിയുമായി ബന്ധപ്പെട്ടാണ് റിയാസ് അറസ്റ്റിലായത്. ശ്രീലങ്കന്‍ ആക്രമണത്തില്‍ ഇന്ത്യന്‍, മലയാളി ബന്ധങ്ങളുണ്ടെന്ന സംശയത്തിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് എന്‍ഐഎ റിയാസ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്.
‘അവന്‍ തെറ്റായ വഴിയിലാണ് പോകുന്നത് എന്ന് അറിയാമായിരുന്നു. എന്നാല്‍ ഇസ്ലാമിക് സ്‌റ്റേറ്റുമായുള്ള ബന്ധത്തിന്റെ പേരില്‍ അവന്‍ അറസ്റ്റ് ചെയ്യപ്പെടും എന്ന് കരുതിയില്ല. എന്റെ മകന്‍ ഭീകരനോ രാജ്യദ്രോഹിയോ ആണെങ്കില്‍ അവന്‍ ജയിലില്‍ കിടക്കട്ടെ. ഞങ്ങള്‍ അവനെ സഹായിക്കില്ല’, റിയാസിന്റെ പിതാവ് അബൂബക്കര്‍ ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
മൂന്ന് വര്‍ഷം മുമ്പ് തന്നെ റിയാസ് മാറിത്തുടങ്ങിയിരുന്നതായി കുടുംബം പറയുന്നു. താടി വളര്‍ത്താനും അറബ് വേഷം ധരിക്കാനും തുടങ്ങി. അധികം സംസാരിക്കാതായി. സിനിമയും ടിവിയും കാണുന്നത് നിര്‍ത്തി. ഫോണില്‍ ഇസ്ലാമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വായിക്കുകയും വീഡിയോകള്‍ കാണുകയും ചെയ്തു. റിയാസിന്റെ മത തീവ്രവാദ സ്വഭാവമുള്ള ഫേസ്ബുക്ക് പോസ്റ്റുകള്‍ സംബന്ധിച്ച് സഹോദരന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ശ്രീലങ്ക സ്‌ഫോടനത്തിന്റെ സൂത്രധാരനെന്ന് പറയുന്ന സഹറാന്‍ ഹാഷിമിന്റെ പ്രസംഗങ്ങളുടെ വീഡിയോ റിയാസ് സ്ഥിരമായി കാണുമായിരുന്നു. കേരളത്തില്‍ ചാവേര്‍ ബോംബ് ആക്രമണം നടത്താന്‍ പദ്ധതിയിട്ട് വരുകയായിരുന്നു. 2016ല്‍ ഐഎസില്‍ ചേരാനായി ഇന്ത്യ വിട്ട 22 അംഗ മലയാളി സംഘത്തിലെ രണ്ട് പേരുമായി റിയാസിന് നിരന്തര ബന്ധമുണ്ടായിരുന്നു എന്നാണ് എന്‍ഐഎ പറയുന്നത്. ഇസ്ലാമിലേയ്ക്ക് മത പരിവര്‍ത്തനം ചെയ്ത മുന്‍ ക്രിസ്ത്യന്‍ വിശ്വാസികള്‍ യഹീയയും ഈസയും പാലക്കാടുകാരാണ്. ഇവര്‍ തന്റെ സുഹൃത്തുക്കളാണ് എന്ന് റിയാസ് വീട്ടുകാരോട് പറഞ്ഞിരുന്നു. ഫേസ്ബുക്കില്‍ അബു ദുജാന എന്ന് റിയാസ് പേര് മാറ്റിയിരുന്നു.