മുഖ്യമന്ത്രി പിണറായി വിജയനെ അത്ഭുതപ്പെടുത്തിയ ദുബായിലെ സ്മാര്‍ട് പൊലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിക്കാന്‍ തയ്യാറെടുത്ത് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. മനുഷ്യ സാന്നിധ്യമില്ലാതെ പൂര്‍ണ്ണമായും ഓട്ടോമേഷന്‍ സംവിധാനത്തിലാണ് ഈ സ്മാര്‍ട്ട് പോലീസ് സ്‌റ്റേഷന്‍ ഒരുക്കിയിരിക്കുന്നത്
യുഎഇ സന്ദര്‍ശനത്തിടെയാണ് ദുബായ് ജുമൈറയിലെ സ്മാര്‍ട് പൊലീസ് സ്‌റ്റേഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയത്. ദുബായ് പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫിന്റെ ക്ഷണപ്രകാരമാണ് മുഖ്യമന്ത്രി സ്മാര്‍ട്ട് പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ചത്. പിണറായിയുടെ സന്ദര്‍ശനത്തിന് പിന്നാലെ സ്മാര്‍ട്ട് സ്‌റ്റേഷനിലെ കിയോസ്‌കുകളില്‍ മലയാളം ഭാഷ ഉള്‍പ്പെടുത്താന്‍ ദുബായ് പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
സ്മാര്‍ട്ട് പോലീസ് സ്‌റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ അന്ന് ദുബായ് പോലീസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്ക് വിവരിച്ചു കൊടുത്തിരുന്നു.
മനുഷ്യ സാന്നിധ്യമില്ലാതെ പൂര്‍ണ്ണമായും ഓട്ടോമേഷന്‍ സംവിധാനത്തിലാണ് ഈ സ്മാര്‍ട്ട് പോലീസ് സ്‌റ്റേഷന്‍ ഒരുക്കിയിരിക്കുന്നത്. ദുബായ് പോലീസുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇവിടെ ലഭിക്കും.
പോലീസ് കണ്‍ട്രോള്‍ റൂമില്‍ പരാതികള്‍ ബോധിപ്പിക്കാനും ഏത് പോലീസ് ഉദ്യോഗസ്ഥനുമായി സംസാരിക്കാനും തീര്‍പ്പു കല്പിക്കാനും സ്മാര്‍ട്ട് പോലീസ് സ്‌റ്റേഷന്‍ മുഖേന സാധിക്കുമെന്നതാണ് പ്രത്യേകത.
സ്‌റ്റേഷന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് അഭിപ്രായപ്പെട്ട മുഖ്യമന്ത്രി നാട്ടിലെത്തിയ ശേഷം ഡിജിപി ഉള്‍പ്പെടെയുള്ളവരോട് ഇതെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് ദുബായ് പൊലീസ് സ്‌റ്റേഷനിലെ സാങ്കേതികവിദ്യ പഠിക്കാനായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ ദുബായിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുന്നത്.
ഡിജിപി ലോക്‌നാഥ് ബെഹ്‌റയും എസ്പി ദേബേഷ് കുമാര്‍ ബെഹ്‌റയുമാണ് ദുബായിലേക്ക് പോകാന്‍ ഒരുങ്ങുന്നത്. ഈ മാസം 18 മുതല്‍ 20 വരെ ഇരുവരും ദുബായില്‍ ഉണ്ടാകും. ദുബായിലെ ഓട്ടോമാറ്റിക് പൊലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിക്കാന്‍ സര്‍ക്കാര്‍ ഇരുവര്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്.
പരീക്ഷണാടിസ്ഥാനത്തിലാണ് ദുബായില്‍ ഇത്തരത്തിലൊരു ആശയത്തിന് തുടക്കമിട്ടത്. ആശയം വിജയകരമായതിനെ തുടര്‍ന്ന് ദുബായ് നഗരത്തില്‍ പോലീസുകാരില്ലാത്ത പോലീസ് സ്‌റ്റേഷന്‍ വ്യാപകമായി വരികയാണ്.
സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ചെയ്യാവുന്ന ജോലികള്‍ ഉപകരണങ്ങള്‍ക്ക് വിട്ടുകൊടുത്തു കൊണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കൂടുതല്‍ ക്രിയാത്മകമായ മേഖലയിലേക്ക് മാറ്റുന്നതിനുള്ള ആലോചനയാണ് നടക്കുന്നത്.
എന്നാല്‍, പൊലീസില്‍ നിന്ന് നിന്ന് ലഭിക്കേണ്ട 25 സേവനങ്ങള്‍ എല്ലാ ദിവസവും 24 മണിക്കൂറും ഇവിടെ ലഭ്യമാവുകയും ചെയ്യും. ദുബായ് നിവാസികള്‍ക്ക് ഇവിടെ തങ്ങളുടെ തിരിച്ചറിയല്‍ രേഖ സൈ്വപ്പ് ചെയ്താല്‍ ആറ് ഭാഷകളില്‍ കമ്പ്യൂട്ടര്‍ സേവനം ലഭ്യമാകും.അതേസമയം, പൊലീസിനെ കാണണമെന്നത് നിര്‍ബന്ധമാണെങ്കില്‍ അവര്‍ ഓണ്‍ലൈനില്‍ എത്തുകയും ചെയ്യും.