കേരളത്തിന്റെ ഭാവി പിന്‍വാതിലിലൂടെ അട്ടിമറിച്ചിട്ട് വെളുക്കെച്ചിരിച്ച് പഞ്ചാര വര്‍ത്തമാനം പറയുന്നു; പി.എസ് ശ്രീധരന്‍ പിള്ളക്കെതിരെ തോമസ് ഐസക്

കേരളത്തിന്റെ ദേശീയപാതാ വികസനം അട്ടിമറിച്ചത് ബിജെപി സംസ്ഥാനാദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഭാവി വികസനം പിന്‍വാതിലിലൂടെ അട്ടിമറിച്ച് വെളുക്കെച്ചിരിച്ചു പഞ്ചാര വര്‍ത്താനവുമായി നമ്മെ വഞ്ചിക്കാന്‍ അദ്ദേഹം വീണ്ടും എത്തുകയാണെന്നും പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തോമസ് ഐസക് രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്.

ദേശീയപാതാ വികസനം നിര്‍ത്തി വെയ്ക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് ശ്രീധരന്‍ പിള്ള ക്രേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരിക്ക് എഴുതിയ കത്ത് പുറത്തുവിട്ടുകൊണ്ടാണ് വിമര്‍ശനം നടത്തിയിരിക്കുന്നത്. കേരളത്തോടുള്ള പക പോക്കാന്‍ മോഡി സര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍ അതിന്റെ ചട്ടുകമായി ശ്രീധരന്‍പിള്ള മാറുകയായിരുന്ന എന്നും എങ്ങിനെയും ഈ നാടിനെ നശിപ്പിക്കാനാണ് അവര്‍ക്ക് താല്‍പ്പര്യമെന്ന് ഒരിക്കല്‍ കൂടി വെളിവായെന്നും തോമസ് ഐസക് പറയുന്നു.

സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ പ്രതിസന്ധികള്‍ സര്‍ക്കാര്‍ മറികടന്നപ്പോഴാണ് രാഷ്ര്ടീയവിരോധം തീര്‍ക്കാന്‍ കേന്ദ്രം പദ്ധതി അട്ടിമറിച്ചതെന്നും ഇതിന് കൂട്ടു നിന്ന ശ്രീധരന്‍പിള്ളയെ നാടിന്റെ പൊതുശത്രുവായി പ്രഖ്യാപിക്കണമെന്നും തോമസ് ഐസക് പറയുന്നു