അബ്ദുള്ളക്കുട്ടി ഇരിക്കുന്ന കൊമ്പ് വരയുന്നവനെന്ന് കോണ്‍ഗ്രസ് ; മതേതര പ്രതിഛായയും ന്യൂനപക്ഷ വോട്ടുകളിലും കണ്ണു വെച്ച് ബിജെപി ; മറുകണ്ടം ചാടിയാല്‍ മഞ്ചേശ്വരത്ത് സീറ്റ് നല്‍കും

തിരുവനന്തപുരം: അപ്രതീക്ഷിതമായ മോഡി സ്തുതിപാഠത്തിലൂടെ കോണ്‍ഗ്രസിന്റെ കണ്ണിലെ കരടായി മാറിയിരിക്കുന്ന എ പി അബ്ദുള്ളക്കുട്ടി ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഞ്ചേശ്വരം മണ്ഡലം ലക്ഷ്യമിടുന്നതായി സൂചന. മാംഗ്‌ളൂരിലേക്ക് തട്ടകം മാറ്റിയിരിക്കുന്ന അബ്ദുള്ളക്കുട്ടി കര്‍ണാടകാ ബിജെപിയിലൂടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയേക്കുമെന്നും മഞ്ചേശ്വരത്ത് ബിജെപിയുടെ സ്ഥാനാര്‍ത്ഥി ആയാലും അത്ഭുതപ്പെടേണ്ടതില്ലെന്നുമാണ് രാഷ്ട്രീയ വിദഗ്ദ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകളും വീക്ഷണം പത്രം എഴുതിയ മുഖപ്രസംഗവും അനാവശ്യമാണെന്നാണ് അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.

ബിജെപിയ്ക്കും മുസ്‌ളീം സമുദായത്തിനും ശക്തമായ സ്വാധീനമുള്ള മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ 89 വോട്ടുകള്‍ക്കായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ മുസ്‌ളീംലീഗിലെ പിബി അബ്ദുള്‍ റസാഖിനോട് പരാജയപ്പെട്ടത്. ഉപതെരഞ്ഞെടുപ്പില്‍ അബ്ദുള്ളക്കുട്ടി വരുന്നത് മുസ്‌ളീം സമുദായത്തിന്റെ വോട്ടുകള്‍ കിട്ടുന്നതിനൊപ്പം ബിജെപിയ്ക്ക് മതേതര മുഖമെന്ന പ്രതിഛായ ഉണ്ടാക്കാന്‍ ഗുണകരമാകുമെന്നും ബിജെപി പ്രതീക്ഷിക്കുന്നുണ്ട്.

ഒരിക്കല്‍ മോഡി സ്തുതി നടത്തി സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ എത്തിയ അബ്ദുള്ളക്കുട്ടി വീണ്ടും അതേ തന്ത്രം തന്നെ പ്രയോഗിച്ചിരിക്കുന്നത് കോണ്‍ഗ്രസില്‍ നിന്നും പുറത്ത് പോകാനുള്ള തന്ത്രമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ നടത്തിയ പോസ്റ്റിന് പിന്നാലെ ബിജെപി സ്വാഗതം ചെയ്തിരിക്കുകയുമാണ്.