കെവിന്‍ ചേട്ടനെ സ്‌നേഹിച്ചതിന് പപ്പ എന്നെ പൊള്ളിച്ചു… ആ പാവത്തെ കൊന്നുകളഞ്ഞത് ദുരഭിമാനം കൊണ്ട്… നീനുവിന് പറയാനുള്ളത്

കെവിനെ കൊലപ്പെടുത്തിയതു പിതാവിന്റെയും സഹോദരന്റെയും ദുരഭിമാനം കൊണ്ടാണെന്നു കെവിന്റെ ഭാര്യ നീനുവിന്റെ മൊഴി. ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ എസ്.ഐ. ഷിബു കെവിന്റെ കഴുത്തിനു പിടിച്ചുതള്ളിയിരുന്നുവെന്നും കെവിന്‍ വധത്തിലെ വിചാരണ നടക്കുന്ന കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നീനു വെളിപ്പെടുത്തി.

മാതാപിതാക്കള്‍ തന്നോടു ക്രൂരമായാണു പെരുമാറിയിരുന്നതെന്നു പറഞ്ഞ നീനു പിതാവു പൊള്ളലേല്‍പ്പിച്ചതിന്റെ പാടുകള്‍ കോടതിയില്‍ കാട്ടി വിസ്താരത്തിനിടെ പൊട്ടിക്കരഞ്ഞു. കേസിലെ അഞ്ചാം സാക്ഷിയായ നീനു വ്യക്തമായാണ് കോടതിയില്‍ സംസാരിച്ചത്. അച്ഛനും അഞ്ചാം പ്രതിയുമായ ചാക്കോയ്‌ക്കെതിരേ പോലീസിന് നല്‍കിയ മൊഴി നീനു കോടതിയിലും ആവര്‍ത്തിച്ചു. അമ്മയുടെ സഹോദരിപുത്രനും പ്രതികളിലൊരാളുമായ നിയാസ് ഭീഷണിപ്പെടുത്തിയെന്നും നീനുവിന്റെ മൊഴിയിലുണ്ട്.

കെവിനുമായി രജിസ്റ്റര്‍ വിവാഹം കഴിഞ്ഞെന്ന് വീട്ടില്‍ അറിയിച്ചതിനു പിറ്റേന്ന് ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനില്‍ പപ്പയുടെ മുന്നില്‍വെച്ച് ആരുടെ കൂടെ പോകണമെന്ന് എസ്.ഐ ചോദിച്ചപ്പോള്‍ കെവിന്‍ ചേട്ടന്റെ കൂടെ പോകണമെന്ന് പറഞ്ഞു. അപ്പോള്‍ നീ എന്തു കണ്ടിട്ടാണ് കെവിന്റെ കൂടെ ഇറങ്ങിപ്പോകുന്നതെന്നായിരുന്നു പപ്പയുടെ ചോദ്യം. അവന്‍ താഴ്ന്ന ജാതിക്കാരനാണ്, അവനെ കല്യാണം കഴിച്ചാല്‍ അഭിമാനം പോകും. എന്റെ പൊന്നുമോള്‍ ഇവന്റെ കൂടെ സുഖിച്ച് ജീവിക്കുമെന്ന് കരുതേണ്ടന്നും പിതാവ് പറഞ്ഞതായി നീനു കോടതിയോടു പറഞ്ഞു.

കെവിനോടൊപ്പം ജീവിക്കാന്‍ തീരുമാനിച്ചാണു വീട്ടില്‍ നിന്നിറങ്ങിയത്. തുടര്‍ന്നു പിതാവ് ചാക്കോ നല്‍കിയ പരാതിയില്‍ ചര്‍ച്ചയ്‌ക്കെത്തിയപ്പോഴാണു എസ്.ഐ ഷിബു കെവിന്റെ കഴുത്തിനു പിടിച്ച് തള്ളിയതെന്നും നീനു പറഞ്ഞു. പിതാവ് ചാക്കോയ്‌ക്കൊപ്പം പോകാന്‍ എസ്.ഐ ആവശ്യപ്പെട്ടു. തയാറാകാതെ വന്നപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരം പോകുന്നുവെന്ന് നിര്‍ബന്ധപൂര്‍വം എഴുതി വാങ്ങി. കെവിനെ തട്ടിക്കൊണ്ടുപോയ 2018 മേയ് 27ന് രാത്രിയില്‍ ഈരാറ്റുപേട്ട മജിസ്‌ട്രേറ്റിന് മുന്നില്‍ ഇക്കാര്യമൊക്കെ പറഞ്ഞിരുന്നു.

അന്ന് ആരുടെകൂടെ പോകണമെന്ന് മജിസ്‌ട്രേറ്റ് ചോദിച്ചപ്പോള്‍ കെവിന്റെ മാതാപിതാക്കള്‍ക്കൊപ്പമെന്ന് പറഞ്ഞപ്പോള്‍ സമ്മതിച്ചു. ഇപ്പോഴും അവരുടെ കൂടെ കഴിയാന്‍ കാരണം അവരുടെ മകന്‍ മരിക്കാന്‍ കാരണം തന്റെ പപ്പയും ചേട്ടനുമാണെന്നത് കൊണ്ടാണ്. ആ അച്ഛനേയും അമ്മയേയും നോക്കാന്‍ എനിക്ക് ഉത്തരവാദിത്വമുണ്ട്.-നീനു പറഞ്ഞു. കെവിന്റെ അച്ഛന്‍ ജോസഫിനൊപ്പമാണ് നീനു രാവിലെ കോടതിയിലെത്തിയത്. രാവിലെ 10ന് ആരംഭിച്ച വിസ്താരം ഉച്ചകഴിഞ്ഞു രണ്ടിന് അവസാനിക്കുമ്പോള്‍ കരഞ്ഞുകൊണ്ടാണു നീനു കോടതി മുറിവിട്ടത്.

പ്രോസിക്യൂഷന്‍ വിസ്താരത്തിനുശേഷം പ്രതിഭാഗം അഭിഭാഷകനും നീനുവിനെ വിസ്തരിച്ചു. മുമ്പു കൊടുത്ത മൊഴികളിലൊന്നും കെവിന്‍ താഴ്ന്ന ജാതിക്കാരനാണെന്ന് നീനു പറഞ്ഞിട്ടില്ലല്ലോയോന്നു പ്രതിഭാഗം ചോദിച്ചപ്പോള്‍ തന്നോട് ചോദിച്ചതിനൊക്കെ മറുപടി പറഞ്ഞിട്ടുണ്ടെന്ന് നീനു മൊഴി നല്‍കി.

കെവിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ പുനലൂര്‍ തഹസില്‍ദാര്‍ ജയന്‍ എം. ചെറിയാന്‍, മൃതദേഹം പുറത്തെടുത്ത ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ ഷിബു എന്നിവരെയും വിസ്തരിച്ചു. മൃതദേഹം കണ്ടെത്തിയ ചാലിയക്കരയില്‍ അരക്കൊപ്പം വെള്ളമുണ്ടായിരുന്നുള്ളൂെവന്ന് ഇരുവരും മൊഴി നല്‍കി. ഇതില്‍ ഒരാള്‍ സ്വയം മുങ്ങി മരിക്കാനിടയില്ല. കെവിന്‍ സ്വയം മുങ്ങിമരിച്ചെന്ന പ്രതിഭാഗം വാദത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് മൊഴികള്‍.