കൊല്‍ക്കത്ത: ഒരു കാലത്ത് കുത്തകയായിരുന്ന പശ്ചിമ ബംഗാളില്‍ സിപിഎം പതിയെ പതിയെ മാഞ്ഞു പോകുന്നോ? റായ്ഗഞ്ചില്‍ നിന്നും മത്സരിക്കുന്ന മൊഹമ്മദ് സലീം ഡക്കായി പോകാതിരിക്കാനുള്ള അവരുടെ അവസാന ഷോട്ടാണ്. തൃണമൂല്‍ കോണ്‍ഗ്രസിന് പിന്നാലെ ബിജെപിയും സാന്നിദ്ധ്യം ശക്തമാക്കാന്‍ തുടങ്ങിയതോടെ സംസ്ഥാനത്ത് ഇത്തവണ ഡക്കൗട്ട് ആകാതിരിക്കാന്‍ പാടുപെടുകയാണ് സിപിഎം.
വെറും നാലു സീറ്റുകള്‍ കയ്യിലുള്ള കോണ്‍ഗ്രസ് പോലും പിടിച്ചു നില്‍ക്കാമെന്ന് കരുതുമ്പോള്‍ സിപിഎമ്മിന് അതു പോലുമില്ല. മുര്‍ഷിദാബാദിലും റായ്ഗഞ്ചിലും മാത്രമാണ് ഇപ്പോള്‍ സിപിഎമ്മിന് സീറ്റുള്ളത്. യാദവ്പൂരില്‍ സിപിഎമ്മിന്റെ ബികേഷ് ഭട്ടാചാര്യ തൃണമൂല്‍ കോണ്‍ഗ്രസ് വിരുദ്ധരുടെയും ബിജെപിയില്‍ നിന്നും വേര്പെട്ടവരുടെയും വോട്ടുകളിലാണ് കണ്ണു വെച്ചിരിക്കുന്നത്. ഡയമണ്ട് ഹാര്‍ബറില്‍ ഫുവാദ് ഹാലീം മമതാ ബാനര്‍ജിയുടെ അനന്തിരവന് അഭിഷേക് ബാനര്‍ജിയോട് റണ്ണറപ്പാകുമെന്നാണ് കരുതുന്നത്.
ഈ വര്‍ഷം മാര്‍ച്ചില്‍ സിപിഎം ഹബീബ്പൂര്‍ മാല്‍ഡയില്‍ നിന്നുള്ള എംഎല്‍എ യായ ഖാഗന്‍ മുര്‍മു സിപിഎമ്മുമായി കലഹിച്ച് ബിജെപിയിലേക്ക് പോയിരുന്നു. മാല്‍ഡാ നോര്‍ത്തില്‍ ബിജെപിയുടെ ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയാണ് മുര്‍മു.
സിപിഎം ഹെഡ് ക്വാര്‍ട്ടേഴ്സ് നില്ക്കുന്ന അലിമുദ്ദീന്‍ തെരുവ് ആളൊഴിഞ്ഞിരിക്കുകയാണ്. ബംഗാളിന്റെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ പോലും സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചരണം കണ്ടെത്താന്‍ പാടുപെടണം എന്ന നിലയിലായി. തൃണമൂലിന്റെയും ബിജെപിയുടെയും കരുത്ത് കൂടിയതോടെ ഭിത്തികള്‍ അവര്‍ ഏറ്റെടുത്തു. സിപിഎം ഹോര്ഡിംഗുകളുമെല്ലാം എടുത്തു മാറ്റപ്പെട്ടു. സിപിഎം പ്രവര്‍ത്തകരുടെ ആകെ ജോലി പാര്‍ട്ടി പത്രമായ ഗണശക്തി ചുവരില്‍ പതിപ്പിക്കുക ബിജെപിയ്ക്ക് വേണ്ടി കൂലിക്ക് ജോലി ചെയ്യുക മാത്രമായി.
ബിജെപിയിലേക്ക് കാലു മാറുന്നത് തീയില്‍ ചാടുന്നത് പോലെയാണെന്ന് കഴിഞ്ഞയാഴ്ചയാണ് മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ പാര്‍ട്ടി അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.