സ്പ്രിന്റില്‍ പഴുതാര, കുടിച്ച യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, സംഭവം എറണാകുളത്ത്

കൊച്ചി: ശീതളപാനീയമായ സ്പ്രിന്റില്‍ പഴുതാരയെ കണ്ടെത്തി. അജീഷ് എന്ന ഓട്ടോ ഡ്രൈവര്‍ക്കാണ് ദുരനുഭവം ഉണ്ടായത്. സ്പ്രിന്റ് കുടിച്ച് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട അജീഷിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പകുതിയില്‍ അധികം കുടിച്ച് കഴിഞ്ഞപ്പോഴാണ് രുചി വ്യത്യാസം അനുഭവപ്പെട്ടത്. പിന്നീടാണ് കുപ്പിക്കുള്ളില്‍ ചത്ത പഴുതാരയെ കണ്ടെത്തിയത്.

എറണാകുളം ബോട്ട് ജെട്ടിയിലെ കടയില്‍ നിന്നാണ് അജീഷ് സ്പ്രിന്റ് വാങ്ങിയത്. സ്പ്രിന്റ് കുടിച്ച അജീഷ് പല തവണ ഛര്‍ദ്ദിച്ചു. സംഭവം കടക്കാരന്റെ ശ്രദ്ധയില്‍പ്പെടുത്തിയ ശേഷം വീട്ടില്‍ പോയി വിശ്രമിച്ചുവെങ്കിലും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. കടക്കാരനും സ്പ്രിന്റിന്റെ വിതരണക്കാരനും ഭക്ഷ്യസുരക്ഷാ വകുപ്പിലും പോലീസിനും അജീഷ് പരാതി നല്‍കിയിട്ടുണ്ട്.