ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ നടുക്കിയ സ്‌ഫോടന പരമ്പരകളില്‍ അഞ്ച് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മരിച്ചവരുടെ എണ്ണം 290 ആയി ഉയര്‍ന്നു. ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ഉണ്ടായ സ്‌ഫോടന പരമ്പര നടത്തിയവര്‍ കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തെയും ലക്ഷ്യമിട്ടിരുന്നുവെന്ന് വ്യോമസേന. കൊളംബോയിലെ എയര്‍പോര്‍ട്ടില്‍ നിന്ന് എട്ടടി നീളമുള്ള പിവിസി പൈപ്പില്‍ നിറച്ച് സ്‌ഫോടക വസ്തു സുരക്ഷാ സേന കണ്ടെത്തി. ബോംബുകള്‍ നിര്‍വീര്യമാക്കിയതിനാല്‍ മാത്രമാണ് ശ്രീലങ്കയെ നടുക്കിയ ദുരന്തത്തിന്റെ വ്യാപ്തി അല്‍പമെങ്കിലും കുറയ്ക്കാന്‍ കഴിഞ്ഞത്.
ഈസ്റ്റര്‍ ദിന പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടന്ന മൂന്ന് പള്ളികളിലും വിനോദ സഞ്ചാരികള്‍ താമസിക്കുന്ന നാലു ആഢംബര ഹോട്ടലുകളിലുമാണ് സ്‌ഫോടനം നടന്നത്. ലങ്കയെ ഒന്നടങ്കം നടുക്കിയ സ്‌ഫോടനത്തില്‍ 290 പേര്‍ മരണപ്പെട്ടപ്പോള്‍ 450 ലേറെ പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്.
ശ്രീലങ്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണത്തിനാണ് ഞായറാഴ്ച സാക്ഷ്യം വഹിച്ചത്. വളരെ മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണ പദ്ധതിയാണ് ലങ്കയില്‍ നടപ്പാക്കിയതെന്ന് വ്യക്തമാവുന്ന തരത്തിലാണ് ഓരോ സ്‌ഫോടനങ്ങളും നടന്നത്. അരമണിക്കൂറിനിടെയുണ്ടായ സ്‌ഫോടന പരമ്പരയില്‍ തകര്‍ന്നടിഞ്ഞത് ലങ്കയുടെ വിനോദ സഞ്ചാരമുള്‍പ്പെടെയുള്ള വലിയ സ്വപ്നങ്ങള്‍ കൂടിയാണ്.
ഈസ്റ്റര്‍ ദിനത്തില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കവെയാണ് കൊളംബോയിലെ സെയ്ന്റ് ആന്റണീസ് പള്ളിയില്‍ അതിശക്തമായ സ്‌ഫോടനമുണ്ടായത്. കൊച്ചിക്കടെ ജില്ലയിലെ പ്രശസ്തമായ ദേവായലമാണിത്. അതുകൊണ്ടുതന്നെ വിശേഷദിവസമായ ഞായറാഴ്ച പതിവിലേറെ വിശ്വാസികള്‍ ഇവിടെയെത്തിയിരുന്നു. പള്ളിയുടെ പ്രാര്‍ത്ഥനാ ഹാളിലുണ്ടായ സ്‌ഫോടനത്തില്‍ 104 പേരാണ് കൊല്ലപ്പെട്ടത്. ചിതറിത്തെറിച്ച ചോരത്തുള്ളികള്‍ ഉത്ഥാനത്തിന്റെ ചിഹ്നമായ യേശുക്രിസ്തുവിന്റെ പ്രതിമയെയും പങ്കിലമാക്കി. എങ്കിലും ഇതിനെയും അതിജീവിക്കുമെന്ന മട്ടില്‍ ഒരു പോറല്‍ പോലുമേല്‍ക്കാതെ ആ പ്രതിമ ബാക്കിയായി.
സ്‌ഫോടനത്തെത്തുടര്‍ന്ന് ബന്ധുക്കളാരെങ്കിലും അതില്‍പ്പെട്ടിട്ടുണ്ടോ എന്നറിയാനുള്ള തിരച്ചിലിലായിരുന്നു അതിജീവിച്ചവര്‍. ചിന്നഭിന്നമായ മൃതദേഹങ്ങള്‍ക്കിടയില്‍ ഉറ്റവരെ തിരക്കിയുള്ള അലച്ചില്‍ ഹൃദയഭേദകമായ കാഴ്ചയായിരുന്നു. ചോരപ്പുഴയായി മാറിയ പള്ളിയിലേക്ക് പെട്ടെന്നുതന്നെയെത്തിയ രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ കൈയില്‍കിട്ടിയ തുണികള്‍ ഉപയോഗിച്ച് മറച്ചു. ചോരയും മാംസവും ചവിട്ടാതെ പള്ളിക്കകത്തേക്ക് കടക്കാനാവുമായിരുന്നില്ലെന്ന് ദേവാലയത്തിന് പുറത്ത് കട നടത്തുന്ന എന്‍.എ. സുമന്‍പാല പറഞ്ഞു. സ്‌ഫോടനത്തെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനായി ആദ്യമോടിയെ്ത്തിയവരില്‍ ഒരാള്‍ സുമന്‍പാലയായിരുന്നു.
തലേന്ന് രാത്രി മുഹമ്മദ് അസം മുഹമ്മദ് എന്ന പേരില്‍ മുറിയെടുക്കുകയും വ്യാജ മേല്‍വിലാസം നല്‍കുകയും ചെയ്തയാളാണ് സിനമണ്‍ ഗ്രാന്‍ഡ് പഞ്ചനക്ഷത്ര ഹോട്ടലില്‍ സ്‌ഫോടനമുണ്ടാക്കിയത്. റെസ്‌റ്റോറന്റില്‍ പ്രഭാതഭക്ഷണത്തിനുള്ള ക്യൂവില്‍നിന്ന ഇയാള്‍ നിമിഷങ്ങള്‍ക്കകം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ക്യൂവില്‍ പ്ലേറ്റുമായി കാത്തുനിന്ന ഇയാള്‍ മുന്‍നിരയിലെത്തിയപ്പോഴാണ് പൊട്ടിത്തെറിച്ചത്. കുടുംബങ്ങളടക്കം ഒട്ടേറെ അതിഥികള്‍ ആ സമയം റെസ്‌റ്റോറന്റിലുണ്ടായിരുന്നു. റെസ്‌റ്റോറന്റ് മാനേജരുമായി കുശലം ചോദിച്ച് നിമിഷങ്ങള്‍ക്കകമാണ് ഇയാള്‍ പൊട്ടിത്തെറിച്ചതെന്ന് ഹോട്ടലിന്റെ മാനേജര്‍ പറഞ്ഞു.