റോള്‍സ് റോയ്‌സ് മുതല്‍ പോര്‍ഷെ വരെ നീരവ് മോഡിയുടെ 13 ആഡംബര കാറുകള്‍ വില്‍പ്പനയ്ക്ക്

ന്യൂഡല്‍ഹി: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ശേഷം രാജ്യം വിട്ട വ്യവസായി നീരവ് മോഡിയുടെ ആഡംബര കാറുകള്‍ വില്‍പ്പനയ്ക്ക്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓണ്‍ലൈന്‍ ലേലം വഴിയാണ് നീരവ് മോഡിയുടെ കറുകള്‍ വില്‍ക്കാനൊരുങ്ങുന്നത്. റോള്‍സ് റോയ്‌സ് ഗോസ്റ്റ് മുതല്‍ ടയോട്ട ഇന്നോവ വരെയുള്ള പതിമൂന്ന് കാറുകളാണ് വില്‍ക്കുന്നത്. ഒരു പോര്‍ഷെ, രണ്ട് മെഴ്‌സിഡസ് ബെന്‍സ്, മൂന്ന് ഹോണ്ട, ടയോട്ട ഫോര്‍ച്യൂണര്‍ എന്നിവയും ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നീരവ് മോഡി നടത്തിയ തട്ടിപ്പിനെ തുടര്‍ന്ന് ഇയാളുടെ ആഡംബര കാറുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തിരുന്നു. ഈ കാറുകളാണ് വില്‍ക്കാനൊരുങ്ങുന്നത്. കാറുകളെല്ലാം നല്ല കണ്ടീഷനിലാണ്. അതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ വില്‍പ്പനയിലൂടെ നല്ല തുക സമാഹരിക്കാനാകുമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതരുടെ പ്രതീക്ഷ.

പൊതുമേഖലയിലുള്ള മെറ്റല്‍ സ്‌ക്രാപ്പ് ട്രേഡ് കോര്‍പ്പറേഷന്‍ ലിമിറ്റഡിനാണ് ലേലത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്. ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് വാഹനം പരിശോധിച്ച ശേഷം ബിഡ് ചെയ്യാം. എന്നാല്‍ ടെസ്റ്റ് ഡ്രൈവ് ലഭിക്കില്ല. വാഹനത്തിന്റെ മതിപ്പ് വില, നിര്‍മ്മിച്ച വര്‍ഷം, മോഡല്‍, ഫോട്ടോഗ്രാഫുകള്‍, ഡോക്യുമെന്റുകള്‍ എന്നിവ ഓണ്‍ലൈനില്‍ ലഭിക്കും. ഈ മാസം 18ന് ലേലം നടത്തും.