റഫാലില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി ; രേഖകള്‍ പുന:പരിശോധനാ ഹര്‍ജിക്കൊപ്പം പരിശോധിക്കാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: റഫാല്‍ കേസില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി നല്‍കിക്കൊണ്ട് രേഖകള്‍ പുന:പരിശോധനാ ഹര്‍ജിക്കൊപ്പം പരിശോധിക്കാമെന്ന് സുപ്രീംകോടതി. എതിര്‍ഭാഗം സമര്‍പ്പിച്ചിരിക്കുന്നതു രഹസ്യരേഖകളാണെന്നും അത് പരിഗണിക്കരുതെന്നുമുള്ള കേന്ദ്രസര്‍ക്കാരിന്റെ തടസവാദം കോടതി തള്ളി. പുതിയ വാദം കേള്‍ക്കുന്ന തീയതി സുപ്രീംകോടതി പിന്നീട് തീരുമാനിക്കും.

ഹിന്ദു പത്രം പുറത്തുവിട്ട രേഖകള്‍ ഹര്‍ജിക്കൊപ്പം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അദ്ധ്യക്ഷനായ ബഞ്ചാണ് വിധിച്ചത്. മോഷ്ടിച്ച രേഖകള്‍ പരിശോധിക്കരുതെന്ന അറ്റോര്‍ണി ജനറലിന്റെ വാദവും കോടതി തള്ളി.

റാഫേല്‍ ഹര്‍ജികള്‍ അപ്പാടെ തള്ളിയ സുപ്രീം കോടതിവിധി ചോദ്യംചെയ്തുള്ള ഹര്‍ജിക്കൊപ്പം മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂറിയും അഭിഭാഷകനായ പ്രശാന്ത് ഭൂഷണും സമര്‍പ്പിച്ചിരിക്കുന്നതു പ്രിവിലേജ്ഡ് ഡോക്യുമെന്റ്സ് ആണെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. ഔദ്യോഗിക രഹസ്യനിയമത്തിന്റെ പരിധിയില്‍ വരുന്നതാണ് ഇവ. ബന്ധപ്പെട്ട വകുപ്പിന്റെ അനുമതിയില്ലാതെ കോടതിയില്‍ ആര്‍ക്കെങ്കിലും സമര്‍പ്പിക്കാവുന്നതല്ല ഈ രേഖകളെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ വാദിച്ചിരുന്നു.

എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങള്‍ ദുരുദ്ദേശ്യത്തോടെയാണെന്നും പൊതുസമൂഹത്തിന്റെ മുന്നിലുള്ള രേഖകള്‍ കോടതിക്ക് എങ്ങനെ അവഗണിക്കാന്‍ കഴിയുമെന്നുമാണ് ഹര്‍ജിക്കാരുടെ ചോദ്യം. പാര്‍ലമെന്റ് വിവരാവകാശനിയമം കൊണ്ടുവന്നതു വിപ്ലവ നടപടിയായിരുന്നുവെന്നും അതില്‍നിന്ന് പിന്നാക്കം പോകാനാകില്ലെന്നും വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് കെ.എം.ജോസഫ് പ്രതികരിച്ചിരുന്നു. പ്രശാന്ത് ?ഭൂഷനായിരുന്നു രേഖകള്‍ സമര്‍പ്പിച്ചത്. തുറന്ന കോടതിയിലായിരിക്കും വാദം കേള്‍ക്കുക.