കല്‍പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം കൂട്ടാന്‍ ഒരു പവന്‍ സ്വര്‍ണം സമ്മാനമായി പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. രാഹുല്‍ ഗാന്ധിക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം കിട്ടുന്ന നിയോജക മണ്ഡലത്തിനാണ് സ്വര്‍ണം. ലീഗിന്റെ പി.കെ ബഷീര്‍ എംഎല്‍എയായ ഏറനാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് രമേശ് ചെന്നിത്തലയുടെ വാഗ്ദാനം.
കൂടുതല്‍ ഭൂരിപക്ഷം നേടുന്ന കമ്മിറ്റിക്ക് സമ്മാനം നല്‍കുമെന്ന് പി.കെ ബഷീര്‍ എംഎല്‍എയും മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദും നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാഹുലിനു വയനാട്ടില്‍ കോണ്‍ഗ്രസ്സ് പ്രതീക്ഷിക്കുന്നത് മൂന്നുലക്ഷത്തിലധികം ഭൂരിപക്ഷമാണ്. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുനമ്പാടി എന്നീ നാലു മണ്ഡലങ്ങളില്‍ നിന്ന് ഒന്നരലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷവും മലപ്പുറം ജില്ലയുടെ ഭാഗമായ ഏറനാട്, വണ്ടൂര്‍, നിലംമ്പൂര്‍ എന്നീ മണ്ഡലങ്ങളില്‍ ഒന്നരലക്ഷത്തില്‍ പുറത്തും ഭൂരിപക്ഷം കോണ്‍ഗ്രസ്സ് കണക്കുകൂട്ടുന്നുണ്ട്.
അഞ്ചുദിവസത്തെ തെരഞ്ഞെടുപ്പ് പര്യടത്തിനായി കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി ആര്‍.എസ്.എസ് തങ്ങളെ എതിര്‍ക്കുന്ന ശബ്ദങ്ങളെ തകര്‍ക്കുകയാണെന്നും അഹിംസയിലൂടെ കോണ്‍ഗ്രസ്സ് ഇതിനെ നേരിടുമെന്നും പറഞ്ഞു. പത്തനാപുരത്ത് തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.