രാഹുലിന് വോട്ടു ചെയ്യൂ…രാജ്യത്തെ രക്ഷിക്കൂ… മൈക്ക് അനൗണ്‍സ്മെന്റുമായി എത്തുന്നത് സിപിഎം ജില്ലാ സെക്രട്ടറി

കന്യാകുമാരി: രാജ്യത്തെ രക്ഷിക്കാന്‍ രാഹുല്‍ഗാന്ധിക്ക് വോട്ടു ചെയ്യൂ എന്ന് വോട്ടു ചോദിച്ച് മൈക്ക് അനൗണ്‍സ്മെന്റ് നടത്തുന്നത് സിപിഎം ജില്ല സെക്രട്ടറിയാണ്. കന്യാകുമാരി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എച്ച് വസന്തകുമാറിന് വേണ്ടി നടക്കുന്ന പ്രചരണം നയിക്കുന്നത് സിപിഎം ജില്ലാ സെക്രട്ടറി ആര്‍ ചെല്ലസ്വാമിയാണ്.

വയനാട്ടില്‍ രാഹുല്‍ഗാന്ധിയെ പരാജയപ്പെടുത്താന്‍ സിപിഎം ശക്തമായ പ്രചരണ തന്ത്രങ്ങള്‍ ആലോചിക്കുമ്പോഴാണ് രാജ്യത്തെ രക്ഷിക്കാന്‍ രാഹുലിനെ വിളിക്കാന്‍ ആവശ്യപ്പെട്ട് ആര്‍ ചെല്ലസ്വാമി അടക്കമുള്ള സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കായി പ്രചരണവുമായി നടക്കുന്നത്. സിപിഎമ്മിന് കാര്യമായ വേരോട്ടമില്ലാത്ത തമിഴ്നാട്ടില്‍ പാര്‍ട്ടിക്ക് മേല്‍ക്കൈയുള്ള പ്രദേശങ്ങളില്‍ ഒന്നാണ് കന്യാകുമാരി ജില്ലയിലെ നാഗര്‍കോവിലും തേങ്ങാപ്പട്ടണവുമെല്ലാം. ഡിഎംകെ പിന്തുണയോടെ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പൊന്‍ രാധാകൃഷ്ണനെ 2004 ല്‍ സിപിഎം സ്ഥാനാര്‍ത്ഥി തോല്‍പ്പിച്ചത് ഇവിടെയായിരുന്നു. ഒന്നേമുക്കാല്‍ ലക്ഷം വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ബല്ലാര്‍മിന്‍ തറപറ്റിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ വോട്ടു നല്‍കിയത് ഇവിടെ നിന്നായിരുന്നു.

എന്നാല്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസും സിപിഎമ്മും ഒറ്റയ്ക്കൊറ്റയ്ക്ക് മത്സരിച്ചത് ബിജെപിയ്ക്ക് അക്കൗണ്ട് തുറക്കാന്‍ അവസരം നല്‍കുകയുണ്ടായി. നരേന്ദ്ര മോഡിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നതാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയുള്ള ഈ പ്രചരണത്തിന്റെ കാരണം. ഇത്തവണ ബിജെപിയ്ക്ക് എതിരേ 11 പാര്‍ട്ടികളുടെ വിശാല സഖ്യമാണ് ഇവിടെ ഒന്നിരിക്കുന്നത്. ഇതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കേണ്ട സ്ഥിതിയാണ് സിപിഎമ്മിന്. അതേസമയം അവസരവാദ രാഷ്ട്രീയമെന്ന ആരോപണം ഉന്നയിച്ചാണ് ബിജെപി ഇതിനെ നേരിടുന്നത്. മധുര, കോയമ്പത്തൂര്‍ സീറ്റുകളില്‍ മാത്രമാണ് സിപിഎം മത്സരിക്കുന്നത്. അമേഠിക്ക് പുറമേ രാഹുല്‍ മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലമായ വയനാട്ടില്‍ സിപിഐ സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാനുള്ള കടുത്ത ശ്രമത്തിലാണ് സിപിഎം.