പോലീസ് ജീപ്പ് തടഞ്ഞ് നിര്‍ത്തി പ്രതിയെ രക്ഷിച്ച് കാറില്‍ പാഞ്ഞ അഭിഭാഷകനായ കെ എം മാണി എന്ന യുവ അഭിഭാഷകൻ

രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നതിന് മുമ്പ് അഭിഭാഷകനായിരുന്നു കെ എം മാണി. വക്കീല്‍ കോട്ടിട്ട് സിനിമയെ വെല്ലും വീരത്തങ്ങളാണ് മാണി കാട്ടിയത്. ഇതൊക്കെ ഇപ്പോഴും പാലായിലെ കൊച്ച് കുഞ്ഞുങ്ങള്‍ക്ക് പോലുമറിയാം. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു സംഭവം…

പാലായില്‍ കൊലക്കേസില്‍ പോലീസ് തെളിവെടുപ്പ് നടക്കുന്നു. കുത്തിയ കത്തി കണ്ടെത്താനായി പോലീസ് പ്രതിയുമായി എത്തി. അപ്രതീക്ഷിതമായി പോലീസിന് മുന്നിലേക്ക് ചാടി വീണത് പ്രതിയുടെ അഭിഭാഷകനായിരുന്നു. പ്രതിയെയും വാഹനത്തില്‍ കയറ്റി ചീറിപ്പാഞ്ഞു.

ഊടുവഴികള്‍ എല്ലാം കാണാപ്പാടമാക്കിയ ആ അഭിഭാഷകന്‍ പ്രതിയുമായി ഞൊടിയിണയില്‍ മാഞ്ഞു. എന്നാല്‍ പോലീസിന് കാര്‍ കണ്ടെത്താനായില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ പ്രതിയെ ജില്ലാ കോടതിയില്‍ ഹാജരാക്കി ജാമ്യവുമെടുത്തു. മറ്റാരുമല്ല കെ എം മാണിയായിരുന്നു ആ വക്കീല്‍.

കേസില്‍ യഥാര്‍ത്ഥ പ്രതിയെ പിടികൂടാതെ ഡമ്മി പ്രതിയെ ഉപയോഗിച്ച് പോലീസ് മുഖം രക്ഷിക്കാന്‍ നാടകം കളിച്ചു. കൊലയ്ക്ക് ഉപയോഗിച്ചു എന്ന പേരില്‍ കത്തി തലേ ദിവസം പോലീസ് തന്നെ കൊണ്ടുവെച്ചു. പ്രധാന തെളിവായ കത്തി പ്രതിയെക്കൊണ്ട് എടുപ്പിക്കാനായിരുന്നു പോലീസ് പദ്ധതി.

ഇക്കാര്യം ഡമ്മി പ്രതിയുടെ അഭിഭാഷകനായിരുന്ന കെ എം മാണി അറിഞ്ഞു. ഇതോടെയാണ് പോലീസിന്റെ നാടകത്തിനപ്പുറം സിനിമയെ വെല്ലുന്ന സ്റ്റൈല്‍ കെ എം മാണി പുറത്തിറക്കിയത്. ഡമ്മി പ്രതിയായതിനാല്‍ പോലീസിനും പരിമിതികളുണ്ടെന്ന് കെ എം മാണിക്ക് വ്യക്തമായി അറിയാമായിരുന്നു.

മദ്രാസ് ലോ കോളേജില്‍ നിന്നുമായിരുന്നു കെ എം മാണി നിയമ ബിരുദം നേടിയത്. കോഴിക്കാട്ടും പാല് സബ് കോടതി കോട്ടയം ജില്ലാ കോടതിയിലും വാദിച്ചിട്ടുണ്ട്. പിന്നീടാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്.

കോണ്‍ഗ്രസിലേക്കും കേരളകോണ്‍ഗ്രസിലേക്കുമൊക്കെ ആ ചാണക്യതന്ത്രജ്ഞന്‍ ചേക്കേറി. 1979ല്‍ കേരള കോണ്‍ഗ്രസ് പിളര്‍പ്പിന്റെ സമയത്തു പാര്‍ട്ടിക്കു വേണ്ടി തെരഞ്ഞെടുപ്പു കമ്മിഷന്റെ മുന്‍പിലും വക്കീലായി ഹാജരായി.