പാക് പിടിയിലായ അഭിനന്ദന്‍ വര്‍ദ്ധമാന്റെ വീട്ടിലേക്ക് ഐ.എസ്.ഐ കോള്‍ എത്തി; അഭിനന്ദന്‍ പാക് പിടിയിലായ ശേഷം വീട്ടില്‍ നടന്ന സംഭവങ്ങള്‍

ന്യൂഡല്‍ഹി : പാക് സൈന്യത്തിന്റെ പിടിയില്‍ നിന്ന് രണ്ട് ദിവസത്തിന് ശേഷം മോചിപ്പിക്കപ്പെട്ട് ഇന്ത്യയിലെത്തിയ അഭിനന്ദന്‍ വര്‍ത്തമാന്‍ തന്റെ ജോലിയില്‍ വീണ്ടും സജീവമായി. എന്നാല്‍ അദ്ദേഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇപ്പോഴും ഏവരും ആകാംക്ഷയോടെ കാതോര്‍ക്കുകയാണ്. അഭിനന്ദന്‍ പാക് സൈന്യത്തിന്റെ പിടിയിലായ ശേഷം ചാരസംഘടനയായ ഐ.എസ്.ഐയുടെ ഫോണ്‍കോള്‍ വഴിയാണ് ഭാര്യ തന്‍വി അദ്ദേഹത്തോട് സംസാരിച്ചത്. ഈ സംഭാഷത്തെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

സൗദി നമ്പരില്‍ നിന്നുള്ള ഫോണ്‍ വിളി വന്നപ്പോള്‍ തന്‍വി ജാഗ്രതയിലായി. ഭര്‍ത്താവിന്റെ സ്വരം മറുവശത്ത് നിന്ന് കേട്ടപ്പോള്‍ തന്നെ അത് ഐ.എസ്.ഐയില്‍ നിന്നാണെന്ന് അവര്‍ മനസിലാക്കി. കോള്‍ റെക്കോഡ് ചെയ്തു. ഭര്‍ത്താവ് സുരക്ഷിതനാണെന്നറിഞ്ഞ ശേഷം കുട്ടികളോട് എന്തു പറയണമെന്നാണ് തന്‍വി ചോദിച്ചത്. ‘അച്ഛന്‍ ജയിലിലാണെന്ന് പറയൂ’ എന്നായിരുന്നു അഭിനന്ദന്റെ മറുപടി. പാകിസ്ഥാന്‍ സേന ഇതിനിടെ തന്നെ പുറത്തുവിട്ട വിഡിയോയില്‍ കണ്ട ചായയെക്കുറിച്ചായി പിന്നെ അന്വേഷണം.

”ചായ് കൈസി ഥി”(ചായ എങ്ങനെയുണ്ടായിരുന്നു) തന്‍വി ചോദിച്ചു. ”അച്ഛി ഥി”(നന്നായിരുന്നു) അഭിനന്ദന്റെ മറുപടി.

”മുജ്‌സേ ഭി അച്ഛി ബനായി(ഞാനുണ്ടാക്കുന്നതിലും നന്നായിരുന്നോ)?” ചിരിയോടെ അഭിനന്ദന്റെ മറുപടി ”യെസ് ഇറ്റ് വാസ് ബെറ്റര്‍ (അതേ, അത് നന്നായിരുന്നു).”

”ഫിര്‍ റെസിപ്പി ലെതേ ഹുയേ ആനാ (എന്നാല്‍ പിന്നെ റെസിപ്പിയും കൊണ്ടുവരൂ).” തന്‍വി പറഞ്ഞു.

പാക് സൈന്യത്തിന്റെ പിടിയിലായി അറുപത് മണിക്കൂറിന് ശേഷം രാജ്യത്ത് മടങ്ങിയെത്തുന്നതിനിടെ അഭിനന്ദനും ഭാര്യയും നടത്തിയ ഏക സംഭാഷണമായിരുന്നു ഇത്. വ്യോമസേനയില്‍ പൈലറ്റായി സേവനമനുഷ്ഠിച്ചിട്ടുള്ള തന്‍വിയുടെ ആ സമയത്തെ പ്രതികരണം ഏറെ ധീരമായിരുന്നു. അഭിനന്ദനോട് സ്‌നേഹത്തോടെയും എതിര്‍പ്പോടെയുമുള്ള ഇരട്ടനിലപാടാണ് പാകിസ്ഥാന്‍ പുലര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.