കണ്ണേ കരളേ വി.എസേ എന്നു നീട്ടിവിളിച്ചിരുന്ന കേരളത്തിലെ സിപിഎം ഇക്കുറി വി.എസിനെ തഴഞ്ഞു. ഇപ്പോൾ വിളിക്കുന്നതു കണ്ണേ കരളേ പിണറായി. ലോക്സഭ തെരഞ്ഞെടുപ്പുകളിൽ സിപിഎം ഇറക്കിയിരിക്കുന്ന പോസ്റ്ററുകളിലൊന്നും വിഎസില്ല. പകരം പിണറായിയും കോടിയേരി ബാലകൃഷ്ണനും സ്ഥാനം പിടിച്ചു. വി.എസ്. പൂർണമായും ഔട്ടായി.
സിപിഎമ്മിന് ഇപ്പോൾ വി എസ് താരപ്രചാരകനല്ല. തെരഞ്ഞെടുപ്പ് കമ്മീഷനു നൽകിയ താരപ്രചാരകരുടെ പട്ടികയിൽ നിന്ന് പാർട്ടി, വി.എസ് അച്യുതാനന്ദന്റെ പേര് നീക്കം ചെയ്തു. എന്നാൽ, അണികളെ ആവേശക്കടലിലാഴ്ത്താൻ ഇന്നും വി .എസ് അച്യുതാനന്ദൻ തന്നെ വേണം. മറ്റ് നേതാക്കളുടെ പ്രസംഗങ്ങളെക്കാൾ അണികളിൽ ആവേശം നിറയ്ക്കാൻ വി .എസിന്റെ വാക്കുകൾ തന്നെ വേണമെന്നു അണികളും ചൂണ്ടികാട്ടുന്നു.
മാർച്ച് 26 നു തെരഞ്ഞെടുപ്പ് കമ്മീഷന് പാർട്ടി നൽകിയ താരപ്രചാരകരുടെ പട്ടികയിൽ ആകെ 40 പേരാണ് ഉള്ളത്. പിണറായിയ്ക്കും കോടിയേരിക്കും പുറമെ സംസ്ഥാനത്ത് നിന്നും എ .വിജയരാഘവനും തോമസ് ഐസക്കും എളമരം കരീമും അടക്കമുള്ളവർ പട്ടികയിൽ ഇടം പിടിച്ചപ്പോൾ വിഎസ് മാത്രം പുറത്തായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുവരെ വി എസ് ആയിരുന്നു പാർട്ടിയുടെ പ്രധാന താരം.
പ്രായാധിക്യത്തിലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായിരുന്ന വി എസിനെ കുറിച്ച് അന്ന് അന്തർദേശീയ മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇന്നു താര പദവി നൽകാത്തതിനു പാർട്ടി ഇതുവരെ കാരണം വ്യക്തമാക്കിയിട്ടില്ല. ഇത്തവണ വിഎസിന്റെഫോട്ടോ ഇല്ലാതെയാണ് എൽഡിഎഫിന്റെ ഒൗദ്യോഗിക പോസ്റ്ററുകൾ ആദ്യം ഇറങ്ങിയത്. വോട്ടഭ്യർത്ഥിച്ചുള്ള പോസ്റ്ററിൽ പിണറായിയും കോടിയേരിയും മാത്രമായിരുന്നു.
താരപ്പട്ടികയ്ക്ക് പുറത്താണ് സ്ഥാനമെങ്കിലും വിഎസിനെ മണ്ഡലത്തിലെത്തിക്കാൻ സ്ഥാനാർഥികൾ സമ്മർദ്ദം ചെലുത്തുന്നുണ്ട്. 20 മണ്ഡലമുള്ളതിൽ 12 ഇടത്തെ പ്രചാരണത്തിൽ പങ്കെടുക്കാനാണ് വി എസ് ഇതുവരെ സമ്മതിച്ചത്.തെരഞ്ഞെടുപ്പു വേദിയിൽ പിണറായി ഇപ്പോൾ ക്യാപ്റ്റനാണ്.
മുൻ തെരഞ്ഞെടുപ്പുകളിൽ നിന്നും വ്യത്യസ്തമായി മുഖ്യമന്ത്രി പിണറായി താരപ്രചാരകനായി മാറിയിരിക്കുന്നു. എന്തായാലും സൈബർ ലോകത്തു പിണറായിയുടെ വിളിപ്പേര് ക്യാപ്റ്റൻ എന്നാണ്. എന്നാൽ പാർട്ടി അണികളെ ആകർഷിക്കുന്നുണ്ടെങ്കിലും മറ്റു ജനവിഭാഗങ്ങളെ ആകർഷിക്കാൻ പിണറായിക്കുസാധിക്കുന്നില്ലെന്നാണ് അണികളും സമ്മതിക്കുന്നത്