ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി വോട്ട് പിടിക്കാന്‍ ഇറങ്ങി എന്ന സോഷ്യല്‍ മീഡിയയിലെ പ്രചരണം വ്യാജം. ‘ബി.ജെ.പിക്ക് വേണ്ടി വോട്ട് ചെയ്യുക’ എന്ന ആഹ്വാനം ചെയ്ത് സംഘപരിവാര്‍ ഗ്രൂപ്പുകള്‍ പ്രചരിപ്പിച്ച് ചിത്രവും കുറിപ്പും നിമിഷം നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ സത്യമെന്നോളം ഷെയര്‍ ചെയ്യപ്പെട്ടത്.
നമോ ബെസ്റ്റ് പി.എം ഓഫ് ഇന്ത്യ പോലുള്ള സംഘപരിവാര്‍ പേജുകളില്‍ ചിത്രത്തിന് പതിനായിരത്തില്‍ കൂടുതല്‍ ലൈക്കും ഷെയറുമാണ് ലഭിച്ചത്.
എന്നാല്‍ ആ വ്യാജ വാര്‍ത്തയ്ക്ക് അധിക ആയുസുണ്ടായില്ല. രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന തമിഴ്നാട്ടില്‍ വോട്ടുള്ള അഭിനന്ദന്‍ ആദ്യഘട്ടത്തില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തുവെന്നതില്‍ നിന്ന് തന്നെ പ്രചരണം പൊളിഞ്ഞു.
ബി.ജെ.പിയുടെ താമര ചിഹ്നമുള്ള ഷാള്‍ അണിഞ്ഞു നില്‍ക്കുന്ന അഭിനന്ദനന്റേതെന്ന് തോന്നിപ്പിക്കുന്ന ചിത്രമായിരുന്നു സംഘപരിവാര്‍ ഗ്രൂപ്പുകള്‍ വ്യാപകമായി പ്രചരിപ്പിച്ചത്. അഭിനന്ദന്റെ മുഖസാദ്യശ്യമുള്ള മറ്റൊരു വ്യക്തിയുടെ ചിത്രം വെച്ചുകൊണ്ടായിരുന്നു സംഘപരിവാറിന്റെ പ്രചരണം. അഭിനന്ദന്റെ അതേശൈലിയില്‍ മീശ വച്ച ഇയാള്‍ സണ്‍ഗ്ലാസും ധരിച്ച് താമര ചിഹ്നമുളള ഷാളുമായി നില്‍ക്കുന്ന ചിത്രം ഒറ്റ നോട്ടത്തില്‍ അഭിനന്ദന്‍ എന്ന് തോന്നിപ്പിക്കുന്നതാണ്.