എന്റെ കുറിപ്പിലെ തമാശ മനസിലാകാത്തതാണ് ട്രാഫിക് തടസപ്പെടുത്തിയെന്നടക്കമുള്ള ആരോപണങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും പിന്നിലെന്ന് അര്‍ച്ചന പറയുന്നു. ആഴ്ചകള്‍ക്ക് മുമ്പ് എടുത്തതാണ് ആ ചിത്രം. തന്റെ ഷൂട്ട് നടന്നത് രാവിലെ ആറ് മണിക്കാണ്. ഞങ്ങള്‍ ആ പാലത്തില്‍ ഉണ്ടായിരുന്നത് വെറും സെക്കന്റുകള്‍ മാത്രമാണ്. ഒരു തരത്തിലും അവിടെ വാഹനങ്ങള്‍ക്ക് തടസമുണ്ടാക്കിയിട്ടില്ല.
എനിക്ക് ഏറെ ഓര്‍മകളുള്ള ഇടമാണ് തോപ്പുംപടി പാലം. അതിന് സമീപത്തായി താമസിക്കുന്ന ഒരു കസിനുണ്ടെനിക്ക്. അന്നൊരിക്കല്‍ കപ്പലിന് കടന്നുപോകാനായി പാലം തുറന്നുകൊടുത്തത് ഞങ്ങള്‍ കണ്ടിട്ടുണ്ട്. ചരിത്രത്തിലെ മറക്കാനാവാത്ത അനുഭവമായിരുന്നു അത്. അത്തരത്തില്‍ ഇനി അത് കാണാന്‍ കഴിയും എന്ന് പോലും തോന്നുന്നില്ല. അങ്ങനെ ഉണ്ടായ ആഗ്രഹത്തിന്റെ പുറത്താണ് ഫോട്ടോ എടുത്തത്. അത് ഒരു സിനിമയ്ക്ക് വേണ്ടിയുള്ള ഫോട്ടോഷൂട്ടൊന്നുമായിരുന്നില്ല. വ്യക്തിപരമായ ഒരു ആഗ്രഹത്തിന് വേണ്ടി നിമിഷങ്ങള്‍ മാത്രമെടുത്ത ഒരു പടമെടുപ്പായിരുന്നു. അടുത്തുള്ള ബസ്റ്റോപ്പില്‍ നിന്നും തൊഴിലാളികള്‍ക്കൊപ്പവും ഫോട്ടോയെടുത്താണ് അന്ന് മടങ്ങിയത്.
അന്ന് ട്രാഫിക് ബ്ലോക്ക് ഉണ്ടായില്ലെന്ന് മാത്രമല്ല, ആരും പരാതി പറഞ്ഞതുമില്ല. എങ്കിലും അതൊരു നല്ല ഉദാഹരണമല്ലെന്ന് തോന്നിയതുകൊണ്ടാണ് അത് ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് നീക്കം ചെയ്തത്. ഇതൊരു രാഷ്ട്രീയക്കാരാണ് ചെയ്തതെങ്കില്‍ ഇത്തരത്തില്‍ ഒരു പ്രതികരണം ഉണ്ടാവില്ലായിരുന്നെന്നും. സാമൂഹികമായി പാലിക്കേണ്ട അച്ചടക്കത്തെ കുറിച്ച് നല്ല ബോധമുള്ള ആളാണ് താനെന്നും അര്‍ച്ചന പറയുന്നു.
ചിത്രത്തെക്കാള്‍ ഉപരി അര്ച്ചനയിട്ട കുറിപ്പായിരുന്നു ഏറ്റവും വലിയ പ്രശ്നം. അര്‍ച്ചനാ.. പുറകില്‍ കാര്‍ വരുന്നു. മാറി നില്ക്ക്, ഞാന്‍- ഇനിയും ചിരിക്കണോ? ഓകെ…’ ഇങ്ങനെ ആയിരുന്നു ആ കുറിപ്പ്. വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ അര്‍ച്ചന പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.