കൂത്തുപറമ്പ്: യുവാവിനെ മുറിയില്‍ പൂട്ടിയിട്ട് പണം തട്ടുകയും സ്ത്രീയോടൊപ്പം നിര്‍ത്തി ഫോട്ടോ എടുക്കുകയും, ഇത് സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണ മോതിരവും ബൈക്കും തട്ടിയെടുത്ത കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേര് അറസ്റ്റില്‍. ചെറുപ്പക്കാരെ ലൈംഗികതയുടെ പേരില്‍ പെടുത്തുന്ന ഹണി ട്രാപ്പ് സംഘത്തിലെ അംഗങ്ങളാണ് പോലീസ് പിടിയിലായത്.
മമ്പറത്ത് വാടക വീട്ടില്‍ താമസിക്കുന്ന തലശ്ശേരി പുന്നോല്‍ എപി ഹൗസില്‍ റസാഖിന്റെ ഭാര്യ എസ്.ഷഹനാസ്(34), ധര്‍മടം പാലയാട് രജീഷ് നിവാസില്‍ എം.റനീഷ്(28) എന്നിവരെയാണ് എസ്ഐ പി.റഫീഖ് അറസ്റ്റ് ചെയ്തത്. സംഘത്തിന്റെ സൂത്രധാരക തലശ്ശേരി പിലാക്കൂല്‍ കെപി ഹൗസില്‍ റനീഷിന്റെ ഭാര്യ കെ.പി.അസ്ബീറ(28)യെ പിടിക്കാന്‍ സാധിച്ചില്ല.
ഈ മാസം 22-ന് കൂത്തുപറമ്പ് മൂന്നാംപീടികയിലെ വീട്ടില്‍വച്ചായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. നേരത്തെ പരിചയപ്പെട്ട് വീട്ടിലെത്തിയ യുവാവിനെ ഷഹനാസും കൂട്ടുപ്രതിയും ചേര്‍ന്ന് സ്വീകരിച്ചിരുത്തുകയും തുടര്‍ന്ന് സ്ഥലത്തെത്തിയ റനീഷ് ഇയാളെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിക്കുകയും ഒന്നരലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. പിന്നീട് ഷഹനാസിനെ ചേര്‍ത്തുനിര്‍ത്തിക്കൊണ്ട് പരാതിക്കാരന്റെ ഫോട്ടോ എടുക്കുകയും ഇത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 4800 രൂപയും അര പവന് തൂക്കം വരുന്ന സ്വര്‍ണമോതിരവും മോഷ്ടിക്കുകയും ചെയ്തു. ഇയാളുടെ ബൈക്കും തിരിച്ചറിയല്‍ കാര്‍ഡുകളടങ്ങുന്ന പേഴ്സും കൈക്കലാക്കുകയും ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബൈക്കും പേഴ്സും പിന്നീട് പിടിച്ചെടുത്തു.
ഒന്നാം പ്രതി ഷഹനാസ് ഇക്കഴിഞ്ഞ 22ന് തലശ്ശേരിയില്‍ യുവാവിനെ പരിചയപ്പെടുകയായിരുന്നു. ഇവരുടെ നിര്‍ദ്ദേശ പ്രകാരം മദ്യവും വാങ്ങി നിര്‍മലഗിരി മൂന്നാംപീടികയിലെ ഒരു വീട്ടില്‍ എത്തിയപ്പോള്‍ അസ്ബീറയും ഷഹനാസും ചേര്‍ന്ന് യുവാവിനെ മുറിയിലിട്ട് പൂട്ടി നെഞ്ചിലും മുഖത്തും മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി ഒരു കാറില്‍ കൂത്തുപറമ്പില്‍ യുവാവിനെ ഇറക്കിവിട്ടു. യുവാവ് പിന്നീട് പോലീസിനെ സമീപിക്കുകയായിരുന്നു.