ആ ചാവേറിനെ പള്ളിയിലേക്ക് ക്ഷണിച്ചത് ഞാന്‍: നെഞ്ചുപൊട്ടിക്കരഞ്ഞ് ബ്രദര്‍ സ്റ്റാന്‍ലി

ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്‌ഫോടനങ്ങളുടെ നടുക്കത്തിലാണ് ഇപ്പോളും ശ്രീലങ്ക. ചാവേറായെത്തിയ ആളെ പ്രാര്‍ഥനക്കായി പള്ളിയിലേക്ക് ക്ഷണിച്ചത് താനാണെന്ന് പാസ്റ്ററായ ബ്രദര്‍ സ്റ്റാന്‍ലി ആശുപത്രിയില്‍ വെച്ച് ബിബിസി തമിഴിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘പ്രാര്‍ത്ഥനയുടെ സമയം അയാള്‍ ചോദിച്ചറിഞ്ഞിരുന്നു. അകത്തേക്ക് കയറി ഇരിക്കാന്‍ പറഞ്ഞപ്പോള്‍ ഒരു കാള്‍ വരാനുണ്ടെന്നും അത് കഴിഞ്ഞു വരാമെന്നും പറഞ്ഞു. ഒരു ബാഗും ക്യാമറയും കയ്യില്‍ ഉണ്ടായിരുന്നു. ചര്‍ച്ചിന് മുന്നിലെ ഓഫീസിനു മുന്നിലായാണ് അയാള്‍ നിന്നിരുന്നത്. ഒന്നോ രണ്ടോ മിനിട്ട് കഴിഞ്ഞപ്പോള്‍ പള്ളിക്ക് പുറത്ത് സ്‌ഫോടനം കേട്ടു. ബോംബുമായി പൊട്ടിത്തെറിച്ചത് അയാളാണെന്ന് അവിടെ ഉണ്ടായിരുന്ന കുട്ടികള്‍ പറഞ്ഞു. സണ്‍ഡേ ക്ലാസുകള്‍ കഴിഞ്ഞ് കുറെ കുട്ടികള്‍ വെള്ളം കുടിക്കുന്നുണ്ടായിരുന്നു. സ്‌ഫോടനത്തില്‍ സമീപത്തെ വാഹനങ്ങള്‍ക്കും ജനറേറ്ററുകള്‍ക്കും തീപിടിച്ചു. തീ കാരണം പരുക്കേറ്റവരെ രക്ഷിക്കാനും സാധിച്ചില്ല. പിന്നാലെ പറ്റാവുന്നവരെയെല്ലാം രക്ഷിച്ചു. പരിഭ്രാന്തരായി ഓടി രക്ഷപെടുകയായിരുന്നു ഞങ്ങള്‍’.

14 കുട്ടികളടക്കം 29 പേരാണ് സിയോണ്‍ പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ശ്രീലങ്കയില്‍ എട്ടിടങ്ങളിലായി നടന്ന സ്‌ഫോടനങ്ങളില്‍ ഇതുവരെ 253 പേരാണ് കൊല്ലപ്പെട്ടത്. അഞ്ഞൂറോളം പേര്‍ക്ക് പരുക്കേറ്റു.