സഞ്ചാരപ്രിയര്‍ക്ക് ഒരു സന്തോഷവാര്‍ത്ത…; ഓണ്‍ അറൈവല്‍ വിസ അനുവദിച്ച് സൗദി അറേബ്യ

സൗദി അറേബ്യ : സഞ്ചാരപ്രിയര്‍ക്ക് സന്തോഷവാര്‍ത്തയുമായി സൗദി അറേബ്യ. ഇനി സൗദി അറേബ്യയില്‍ പ്രവേശിക്കാന്‍ ഓണ്‍ അറൈവല്‍ വിസ മതി. പദ്ധതി ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, എല്ലാ രാജ്യക്കാര്‍ക്കും ഈ സൗകര്യം ലഭ്യമല്ല. സൗദിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്ക് വിമാനത്താവളത്തില്‍ വെച്ച് ഓണ്‍ അറൈവല്‍ വിസ അനുവദിക്കുന്നതിനാണ് നീക്കം. കഴിഞ്ഞ വര്‍ഷം റിയാദില്‍ നടന്ന ഫോര്‍മുല ഇ കാര്‍ റേസ് ചാമ്പ്യന്‍ഷിപ്പ് കാണാനെത്തിയ വിദേശികള്‍ക്ക് സൗദി ഇ വിസ അനുവദിച്ചിരുന്നു.

അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്കാണ് ഓണ്‍ അറൈവല്‍ വിസ അനുവദിക്കുക. ഈ വര്‍ഷം അവസാനത്തോടെ ഇത് നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ വരുമാന സ്‌ത്രോതസ്സുകള്‍ വൈവിധ്യവത്കരിക്കാനുള്ള കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ പദ്ധതിയുടെ ഭാഗമായാണ് രാജ്യത്തെ വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നത്. ടൂറിസം മേഖലയിലെ ധന വിനിയോഗം 2020 തോടെ 4660 കോടി ഡോളറായി ഇയര്‍ത്താനാണ് സൗദി ലക്ഷ്യം.