ശ്രദ്ധ മരിക്കുമ്പോള്‍ അപകടം ജനിക്കുന്നു…; പാലിക്കാം റോഡ് സുരക്ഷാ നിയമങ്ങള്‍

തിരുവനന്തപുരം : ഉപഭോക്താവിന് പുതിയ പുതിയ സൗകര്യങ്ങള്‍ ഒരുക്കിവെച്ച് നിരവധി വാഹനങ്ങളാണ് കേരളത്തിന്റെ നിരത്തുകള്‍ കീഴടക്കാന്‍ അനുദിനം എത്തിക്കൊണ്ടിരിക്കുന്നത്… വാഹനങ്ങളുടെ ഈ കുത്തൊഴുക്കിനൊപ്പം വാഹനാപകടങ്ങളിലൂടെയുള്ള മരണ നിരക്കും ഏറി വരികയാണ്…

നമ്മുടെ ഡ്രൈവിങ് സ്‌കൂള്‍ നടത്തിപ്പുകാര്‍ ഇക്കാര്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. വാഹനം നാം പകല്‍ സമയത്ത് മാത്രമല്ല നിരത്തിലിറക്കാറുള്ളത്. അതുകൊണ്ടു തന്നെ രാത്രി യാത്രയില്‍ വാഹനം ഓടിക്കുന്നയാള്‍ ശ്രദ്ധിക്കേണ്ട ലൈറ്റ് ഉപയോഗം ഉള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ചും ബോധവാന്മാരാക്കേണ്ടതുണ്ട്.

ഒരു ഡ്രൈവര്‍ക്ക് നിഷ്‌കര്‍ഷിച്ചിട്ടുള്ള പ്രായപരിധി ഉള്‍പ്പെടെയുള്ള ട്രാഫിക് നിയമങ്ങള്‍ കാറ്റിപ്പറത്തിക്കൊണ്ടുള്ള യാത്രയാണ് ഈ ഭീമമായ മരണ നിരക്കിന് പിന്നില്‍.

ഡ്രൈവര്‍മാരുടെ പല തരത്തിലുള്ള അശ്രദ്ധകള്‍ ശ്രദ്ധയോടെ വാഹനമോടിക്കുന്നവരെയും കാല്‍നടക്കാരെയും ഉള്‍പ്പെടെ മരണത്തിന് വിട്ടുകൊടുക്കുന്ന കാഴ്ചകള്‍ക്കാണ് ഇന്ന് നമ്മുടെ നിരത്തുകള്‍ സാക്ഷിയാകുന്നത്. വാഹനം ഓടിക്കുന്നവരും കാല്‍നട യാത്രക്കാരും ഒന്നിച്ച് അണിനിരന്നാല്‍ മാത്രമേ റോഡ് സുരക്ഷ പ്രാവര്‍ത്തികമാകൂ…