ശുചിമുറി സൗകര്യം ഒരുക്കിയില്ല, പ്രതി കോടതിയില്‍ മൂത്രമൊഴിച്ചു, കടുത്ത മനുഷ്യാവകാശ ലംഘനം

കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസിലെ പ്രതിയായ സ്ത്രീയെ കോടതിയില്‍ ഹാജരാക്കിയതില്‍ ഗുരുതര മനുഷ്യാവകാശ ലംഘനം. കേസിലെ പതിനഞ്ചാം പ്രതിയായ രതിക്കാണ് പോലീസ് ക്രൂരത നേരിടേണ്ടി വന്നത്. രതി ആവശ്യപ്പെട്ടിടും ശുചിമുറി സൗകര്യം ഒരുക്കാന്‍ ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരാരും തയ്യാറായില്ലെന്നാണ് ആക്ഷേപം.

തുടര്‍ന്ന് പ്രതിക്ക് പറവൂര്‍ കോടതിയിലെ പ്രതിക്കൂട്ടില്‍ നിന്ന് വനിതാ പൊലീസുകാരുടെ സാന്നിദ്ധ്യത്തില്‍ മൂത്രം ഒഴിക്കേണ്ട ദുസ്തിതി ഉണ്ടായത്. പ്രതിക്കൂട്ടിലെ നിലത്ത് വെള്ളം കിടക്കുന്നുണ്ടോയെന്ന് കോടതിമുറിയിലുള്ളവര്‍ ആദ്യം സംശയിച്ചു. പക്ഷേ പിന്നീടാണ് പ്രതി മൂത്രമൊഴിച്ചതാണെന്ന് ബോധ്യപ്പെട്ടത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതികരണം. ജഡ്ജി ഉള്‍പ്പടെ മുറിയിലെ അധികമാരും സംഭവം അറിഞ്ഞതുമില്ല.

നാല് വയസ്സുള്ള മകനെ ഒക്കത്ത് വെച്ചാണ് രതി പ്രതിക്കൂട്ടില്‍ കയറിയത്. തൊട്ടടുത്തുണ്ടായിരുന്ന മൂന്ന് വനിതാ പൊലീസുകാര്‍ രതി മൂത്രമൊഴിച്ച വിവരം ശ്രദ്ധിച്ച മട്ടുണ്ടായില്ലെന്ന് കോടതി മുറിയിലുള്ളവര്‍ പറയുന്നു. ക്യു ബ്രാഞ്ചിന്റെ സഹായത്തോടെയാണ് മുനമ്ബം കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം രതി ഉള്‍പ്പടെ ഏഴ് പേരെ അറസ്റ്റ് ചെയ്തത്. പതിനൊന്നാം പ്രതിയായ ഇളയരാജയുടെ ഭാര്യയാണ് രതി.

LEAVE A REPLY