തിരുവനന്തപുരം: വയനാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി എത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. സംസ്ഥാന നേതാക്കള്‍ ഇത് ഉറപ്പിക്കുകയും ചെയ്തു. സ്ഥാനാര്‍ത്ഥിത്വം ഒഴിഞ്ഞ് ടി സിദ്ദിഖ് രാഹുലിന് വഴിയുമൊരുക്കി. എന്നാല്‍ രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കാനെത്തില്ലെന്നാണ് പുതിയ വിവരം. ടി സിദ്ദിഖ് തന്നെ സ്ഥാനാര്‍ത്ഥിയാകും.
രാഹുല്‍ ഗാന്ധി വരില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും വയനാട് മണ്ഡലത്തില്‍ താന്‍തന്നെ സ്ഥാനാര്‍ഥിയാകുമെന്നും കോഴിക്കോട് ഡി.സി.സി. അധ്യക്ഷന്‍ ടി. സിദ്ദിഖ്. നാളെ വയനാട് മണ്ഡലത്തില്‍ നാമനിര്‍ദേശപത്രിക നല്‍കുമെന്നും ടി. സിദ്ദിഖ് പറഞ്ഞു.
പോലീസിനെ ആക്രമിച്ചെന്ന കേസില്‍ തിരുവനന്തപുരം രണ്ടാം അഡിഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതിയില്‍നിന്ന് ഇന്നലെ ജാമ്യമെടുത്ത ശേഷമാണ് സിദ്ദിഖിന്റെ പ്രതികരണം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്നതിനെച്ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നതിനിടെയാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മാനസപുത്രന്‍ കൂടിയായ സിദ്ദിഖിന്റെ വെളിപ്പെടുത്തല്‍. നാമനിര്‍ദേശപത്രിക നല്‍കുന്നതിന്റെ ഭാഗമായാണ് സിദ്ദിഖ് ഇന്നലെ തലസ്ഥാനത്തെത്തി തനിക്കെതിരേയുള്ള കോടതി നടപടികളില്‍ ജാമ്യമെടുത്തു മടങ്ങിയത്.