ഭര്‍തൃസഹോദരനെ വിവാഹം കഴിക്കാന്‍ സമ്മർദ്ദം… രക്ഷിക്കണമെന്ന് വീരമൃത്യു വരിച്ച സൈനികന്റെ ഭാര്യ

ബെംഗളൂരു : പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 40 സൈനികരില്‍ ഒരാളാണ് എച്ച് ഗുരു. മാണ്ഡ്യ സ്വദേശിയായ ഇദ്ദേഹത്തിന്റെ കുടുംബത്തിന് കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി 25 ലക്ഷം വാഗ്ദാനം ചെയ്തിരുന്നു. ഭാര്യ കലാവതിക്ക് ജോലിയും വാഗ്ദാനം ചെയ്തിരുന്നു. ഗുരുവിന്റെയും കലാവതിയുടെ വിവാഹം കഴിഞ്ഞിട്ട് വെറും പത്ത് മാസം മാത്രമാണായത്.

പത്ത് ലക്ഷം രൂപ ഇന്‍ഫോസിസും ധനസഹായ വാഗ്ദാനം നടത്തിയിരുന്നു. ദേശവ്യാപകമായി വിവിധ സംഘടനകള്‍ ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. പ്രമുഖ നടി സുമലതയും ഗുരുവിന്റെ കുടുംബത്തിന് ഭൂമി നല്‍കുമെന്ന് പറഞ്ഞിരുന്നു. മാഥൂരില്‍ അരയേക്കര്‍ നിലമാണ് അവര്‍ പ്രഖ്യാപിച്ചത്.

എന്നാല്‍ ഇപ്പോള്‍ കൊല്ലപ്പെട്ട സൈനികന്റെ ഭാര്യ കലാവതി ഒരു പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുകയാണ്. തന്റെ ഭര്‍ത്താവിന്റെ സഹോദരനെ വിവാഹം ചെയ്യാന്‍ അദ്ദേഹത്തിന്റെ കുടുംബം നിര്‍ബന്ധിക്കുന്നുവെന്നാണ് ഗുരുവിന്റെ ഭാര്യ കലാവതി ആരോപിക്കുന്നത്.

ഗുരുവിന്റെ കുടുംബത്തിന് സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുള്ള നഷ്ടപരിഹാര തുക കുടുംബത്തിന് തന്നെ ലഭിക്കുന്നതിന് വേണ്ടിയാണ് വിവാഹത്തിനായി നിര്‍ബന്ധിക്കുന്നതെന്നാണ് പരാതി. ഈ വിഷയത്തില്‍ നിന്ന് രക്ഷപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചാണ് ഇവര്‍ മാണ്ഡ്യയിലെ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുള്ളത്.