കൊച്ചി : ഹൈക്കോടതി വിധിയെത്തുടര്‍ന്നു പിരിച്ചുവിട്ട 3861 എമ്പാനല്‍ കണ്ടക്ടര്‍മാരെയും കെ.എസ്.ആര്‍.ടി.സി. ഒറ്റയടിക്കു തിരിച്ചെടുത്തു. സര്‍ക്കാര്‍ നടപടി ഹൈക്കോടതിവിധിക്ക് എതിരും മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനവുമെന്നു ചൂണ്ടിക്കാട്ടി കെ.എസ്.ആര്‍.ടി.സിയിലെ കേരളാ സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് വെല്‍ ഫെയര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്‍കി.
സ്ഥിരം നിയമനം പി.എസ്.സി. പട്ടികയില്‍നിന്നാകണമെന്നും താല്‍ക്കാലിക നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയാകണമെന്ന വ്യവസ്ഥയും കാറ്റില്‍പ്പറത്തിയെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സ്ഥിരം ജീവനക്കാര്‍ അവധിയെടുക്കുന്ന ഒഴിവില്‍ എമ്പാനലുകാരെ നിയമിക്കാമെന്ന ധാരണയുടെ മറവിലാണ് ഇപ്പോള്‍ എല്ലാവരെയും തിരിച്ചെടുത്തിരിക്കുന്നത്.
ഒഴിവ് സൃഷ്ടിക്കാനായി സ്ഥിരം ജീവനക്കാരില്‍ പലരെയും തെരഞ്ഞെടുപ്പുവരെ അവധിയെടുപ്പിച്ചു. അവധിയെടുത്ത ജീവനക്കാരില്‍ പലരും തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തില്‍ വ്യാപൃതരാണ്. തെരഞ്ഞെടുപ്പു കഴിഞ്ഞ് ഇവര്‍ ജോലിയില്‍ തിരികെ പ്രവേശിക്കുന്നതോടെ എമ്പാനലുകാര്‍ക്കു വീണ്ടും ജോലി നഷ്ടമാകും. തെരഞ്ഞെടുപ്പില്‍ വോട്ട് ലക്ഷ്യമിട്ടാണ് ഇപ്പോഴത്തെ നടപടിയെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.