തൃക്കൊടിത്താനം: പള്ളിമേടയില്‍ വൈദികരെ പൂട്ടിയിട്ട് സെന്റ് സേവ്യേഴ്സ് ഫെറോന പള്ളിയില്‍ വന്‍ കവര്‍ച്ച. നാല് ലക്ഷത്തോളം രൂപ കള്ളന്മാര് കവര്‍ന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. വൈദികരുടെയെല്ലാം മുറികള്‍ പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വൈദികരുടെ മുറികള്‍ക്ക് പുറമേ താഴത്തെ നിലയിലേക്ക് ഇറങ്ങുന്ന ഭാഗത്തെ ഗ്രില്ലും മോഷ്ടാക്കള്‍ പൂട്ടിയിരുന്നു.
പുലര്‍ച്ചെ പ്രഭാത സവാരിക്ക് പോകുന്നതിനായി വാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോഴാണ് പ്രധാന വൈദികന് അസ്വാഭാവികത തോന്നിയത്. ഇതോടെ ഇദ്ദേഹം മറ്റ് മുറികളിലുണ്ടായിരുന്ന അച്ചന്മാരെ വിവരം അറിയിച്ചു. ഇവരുടെയും മുറികള്‍ തുറക്കാന്‍ കഴിയാഞ്ഞതോടെ സെക്യൂരിറ്റിയെ വിവരമറിയിക്കുകയായിരുന്നു. ഇദ്ദേഹമെത്തി പരിശോധന നടത്തിയപ്പോഴാണ് മുറികള്‍ പൂട്ടിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
പള്ളി ഓഫീസിന്റെയും അലമാരകളുടെയും പൂട്ടുകള്‍ തകര്‍ന്ന നിലയിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.