പറ്റിയ ആളെ കിട്ടിയില്ല; ചാലക്കുടിയില്‍ ഇന്നസെന്റ് തന്നെ…; പൊന്നാനിയില്‍ തീരുമാനമായില്ല

തിരുവനന്തപുരം : വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ നിന്ന് ഇന്നസെന്റ് വീണ്ടും സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പ് മറികടന്നാണ് തീരുമാനം. ഒരു അവസരം കൂടി നല്‍കാനുള്ള തീരുമാനത്തിലേയ്ക്ക് സംസ്ഥാന സമിതി എത്തുകയായിരുന്നു.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ സിനിമാ താരത്തിന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ സാഹചര്യത്തിലാണ് ഇക്കുറിയും ഒരു പരീക്ഷണത്തിന് ഇടതു മുന്നണി തയ്യാറെടുക്കുന്നത്.

കഴിഞ്ഞ തവണ കരുത്തനായ പി.സി ചാക്കോയെ പരാജയപ്പെടുത്തിയ ഇന്നസെന്റിനെപ്പോലെ മികച്ച ഒരു സ്ഥാനാര്‍ത്ഥിയെ വീണ്ടും കണ്ടെത്തുന്നതിലെ ബുദ്ധിമുട്ടാണ് ഈ തീരുമാനത്തില്‍ എത്തിച്ചിരിക്കുന്നത്.

ലോക്‌സഭയിലേക്ക് സിപിഎം പരീക്ഷിച്ച രണ്ടാമത്തെ സിനിമാതാരമായിരുന്നു ഇന്നസെന്റ്. അന്തരിച്ച പ്രമുഖ നടന്‍ മുരളിയെ 1999 തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ സിപിഎം ഇറക്കിയെങ്കിലും വി എം സുധീരനോട് തോറ്റിരുന്നു.

അതിന് ശേഷം കഴിഞ്ഞ തവണ ചാലക്കുടിയില്‍ ഇടതു സ്വതന്ത്രനായി ഇറക്കിയ ഇന്നസെന്റ് വന്‍ വിജയമാണ് നേടിയത്. കോണ്‍ഗ്രസിന്റെ ഷുവര്‍സീറ്റ് എന്ന നിലയില്‍ വലിയ വിവാദങ്ങള്‍ ഉണ്ടാക്കി സീറ്റ് പിടിച്ചുവാങ്ങിയ പി സി ചാക്കോയെ 13,000 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഇന്നസെന്റ് മറികടന്നത്.