തിരുവനന്തപുരം: നഴ്സുമാരുടെ ശമ്പള വര്‍ധനവ് ഉള്‍പ്പെടെ നിരവധി തൊഴിലവകാശങ്ങള്‍ നേടിയെടുക്കാന്‍ പോരാടിയ സംഘടനയായ യുഎന്‍എയുടെ നേതൃത്വത്തിന് നേരെ കോടികളുടെ അഴിമതി ആരോപണം. നഴ്സുമാരുടെ മാസവരുമാനത്തില്‍ നിന്നും സംഭാവനകളില്‍ നിന്നും 2017 ഏപ്രില്‍ മുതല്‍ 2019 ജനുവരി 31 വരെ മൂന്ന് കോടി 71 ലക്ഷം രൂപയാണ് സംഘടനയുടെ വിവിധ അക്കൗണ്ടുകളിലേക്ക് വന്നതെന്നും ഇതില്‍ എട്ടുലക്ഷം രൂപ മാത്രമാണ് ഇപ്പോള്‍ ബാക്കിയുള്ളത് എന്നുമാണ് ആരോപണം. യുഎന്‍എ നേതൃത്വത്തില്‍ തന്നെ ഉള്ള സിബി മഹേഷ്, ബെല്‍ജോ ഏലിയാസ് തുടങ്ങിയവരാണ് ആരോപണം ഉന്നയിച്ചത്.
സംഘടന നിലവില്‍ വന്ന 2011 മുതല്‍ എല്ലാ വര്‍ഷവും ജനറല്‍ കൗണ്‍സില്‍ വിളിച്ച് കണക്ക് അവതരിപ്പിക്കാറുണ്ടെന്നും കണക്കുകള്‍ സുതാര്യമാണെന്നും ആയിരുന്നു ആരോപണം നേരിടുന്ന ജാസ്മിന്‍ ഷായുടെ മറുപടി. 60 ലക്ഷം രൂപ സംഘടനയുടെ അക്കൗണ്ടില്‍ ബാക്കിയുണ്ടെന്നും ബാക്കി പണം ചെലവഴിച്ചതിന് കൃത്യം കണക്കുണ്ടെന്നും ജാസ്മിന്‍ ഷാ പറഞ്ഞു. എന്നാല്‍ പണം എവിടെ ചെലവഴിച്ചു? ആരെല്ലാം പിന്‍വലിച്ചു? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ജാസ്മിന്‍ ഷായ്ക്ക് വ്യക്തമായ ഉത്തരം ഉണ്ടായിരുന്നില്ല. ജാസ്മിന്‍ ഷായുടെ ഡ്രൈവറുടെ പേരിലും പണം പിന്‍വലിച്ചുവെന്നും പരാതിയിലുണ്ട്.
കണക്ക് ചോദിച്ചപ്പോള്‍ താന്‍ മാസങ്ങള്‍ക്ക് മുമ്പ് വാട്സാപ്പില്‍ അയച്ച രാജി സന്ദേശം കാട്ടി കണക്ക് തരാനാകില്ലെന്ന് പറയുകയാണ് ചെയ്തതെന്ന് യുഎന്‍എ സംസ്ഥാന കമ്മിറ്റിയംഗം ബെല്‍ജോ ഏലിയാസ് പറഞ്ഞു. പ്രകടമായ അഴിമതി നടന്നിട്ടുണ്ടെന്ന് ഉറപ്പാണെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ആവശ്യപ്പെട്ടു. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും കണക്കുകള്‍ കൃത്യമാണെന്നും ജാസ്മിന്‍ ഷാ പ്രതികരിച്ചു.