തെരഞ്ഞെടുപ്പ് ചൂടേറ്റതോടെ ‘മല കയറ്റത്തില്‍’ മലക്കം മറിച്ചില്‍; ഒരു യുവതിയെങ്കിലും മല ചവിട്ടണേയെന്ന് പ്രാര്‍ത്ഥിച്ച് ബി.ജെ.പി, നിലയ്ക്കലും പമ്പയിലും വനിതാപോലീസിനെ പോലും പിന്‍വലിച്ച് സര്‍ക്കാര്‍

തെരഞ്ഞെടുപ്പ് ചൂടേറ്റതോടെ ശബരിമല വിഷയത്തില്‍ ഏറ്റുമുട്ടിയവര്‍ തെരഞ്ഞെടുപ്പായതോടെ പരസ്പരം കളംമാറ്റിച്ചവിട്ടുന്നു. തെരഞ്ഞെടുപ്പ് പ്രചാരണകാലത്തു ശബരിമലയില്‍ യുവതി കയറിയാലുണ്ടാകാവുന്ന നേട്ടത്തിലാണു ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും കണ്ണ്. ഈ അപകടം തിരിച്ചറിഞ്ഞ്, നിലയ്ക്കലില്‍ ഉള്‍പ്പെടെ കര്‍ശന പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണു സര്‍ക്കാര്‍. തെരഞ്ഞെടുപ്പുവരെ ശബരിമല വിഷയം കത്തിച്ചുനിര്‍ത്താന്‍ ബി.ജെ.പിയും ഒരു തീപ്പൊരിപോലും വീഴാതിരിക്കാന്‍ ഇടതുപക്ഷവും കൊണ്ടുപിടിച്ച പരിശ്രമത്തിലാണ്.

ശബരിമല ഉത്സവകാലമായിട്ടും യുവതികളെ തടയാന്‍ പഴയപോലെ സംഘപരിവാര്‍ പ്രവര്‍ത്തകരാരും ഉത്സാഹം കാട്ടുന്നില്ല. സര്‍ക്കാരാകട്ടെ നിലയ്ക്കലും പമ്പയിലും വനിതാ പോലീസിനെപ്പോലും പിന്‍വലിച്ചിരിക്കുകയാണ്. വിര
നവോത്ഥാന ആശയങ്ങള്‍ക്കു തല്‍ക്കാലം സര്‍ക്കാരും അവധി കൊടുത്തിരിക്കുകയാണ്. വനിതാമതില്‍, സ്ത്രീശാക്തീകരണം, നവോത്ഥാനം, യുവതീപ്രവേശം തുടങ്ങിയ വാക്കുകള്‍ പ്രചാരണവേദികളിലോ സാമൂഹികമാധ്യമങ്ങളിലോ മിണ്ടരുതെന്നാണ് എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദേശം.

ശബരിമല ഉള്‍പ്പെട്ട പത്തനംതിട്ട മണ്ഡലത്തില്‍ എതിരാളികളാരെന്നു വ്യക്തമായിട്ടില്ലെങ്കിലും ഇടതുസ്ഥാനാര്‍ഥി വീണാ ജോര്‍ജ് രണ്ടാംഘട്ട പ്രചാരണത്തിലേക്കു കടന്നു. എന്നാല്‍, ഒരുവേദിയിലും പ്രാസംഗികര്‍ നവോത്ഥാനമെന്ന വാക്ക് ഉച്ചരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നു. എന്നു മാത്രമല്ല, പുണ്യപൂങ്കാവനം ഉള്‍പ്പെടുന്ന ജില്ല എന്നാണു മണ്ഡലത്തെ വിശേഷിപ്പിക്കുന്നതും. അയ്യന്റെ മണ്ണ്, പുണ്യപമ്പ, ശബരിമലയുടെ ചൈതന്യം തുടങ്ങിയ പ്രയോഗങ്ങള്‍ക്കും കുറവില്ല. സഖാക്കളില്‍ ചിലര്‍ കുറിതൊട്ടാണു പ്രചാരണത്തിന് ഇറങ്ങുന്നതുതന്നെ.

വിരലിലെണ്ണാവുന്ന വനിതാ പോലീസുകാരുടെ ഡ്യൂട്ടിയാകട്ടെ, വാഹനങ്ങള്‍ പരിശോധിച്ച് യുവതികളെ കണ്ടെത്തി പിന്തിരിപ്പിക്കുക മാത്രം. പ്രശ്‌നമുണ്ടാകാതിരിക്കാന്‍, സംഘപരിവാര്‍ പ്രവര്‍ത്തകരെപ്പോലും നിലയ്ക്കലിലോ പമ്പയിലോ തടയുന്നില്ല.

യുവതീതീര്‍ഥാടകരെ കണ്ടെത്താന്‍ ബസ് സ്റ്റാന്‍ഡുകള്‍ ഉള്‍പ്പെടെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസ് ജാഗ്രത പുലര്‍ത്തുന്നു.